ന്യൂഡല്‍ഹി: നീറ്റ് ഹരജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹരജികളില്‍ വാദം കേള്‍ക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എതിർകക്ഷികള്‍ക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു. നീറ്റ് ഹരജികളില്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്.
എന്നാല്‍, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയില്‍ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു. അതേസമയം, മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവർത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രംഗത്തെത്തി.
ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നല്‍കിയതിനാലാണ്. എന്നാല്‍ ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ല്‍ 720 മാർക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാർക്ക് കുറഞ്ഞത്. മുഴുവൻ മാർക്ക് നേടിയ 61ല്‍ 17 പേർക്ക് പ്രൊവിഷനല്‍ ഉത്തര സൂചിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഫുള്‍ മാർക്ക് ഉണ്ടായിരുന്നു. മറ്റ് 44 പേർക്ക് ഫിസിക്സ് പേപ്പറിന്റെ ഉത്തര സൂചിക റിവിഷൻ നടത്തിയതിനു ശേഷമാണ് മുഴുവൻ മാർക്ക് ലഭിച്ചത്.
ഉത്തരസൂചികയില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാനുള്ള അവസരം വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു. ഈ സമയത്ത് ഫിസിക്സ് പേപ്പറിലെ ഒരു ചോദ്യത്തിന്റെ ഉത്തരത്തെ നിരവധിപേർ ചോദ്യം ചെയ്തു. എൻ.സി.ഇ.ആർ.ടിയുടെ പഴയ പുസ്തകത്തിലും പുതിയതിലും ഇതിന് വ്യത്യസ്ത ഉത്തരങ്ങളാണുണ്ടായിരുന്നത്. ഇതോടെ രണ്ട് ഓപ്ഷനുകള്‍ ശരിയായി പരിഗണിക്കാമെന്ന് സബ്ജക്ട് എക്സ്പേർട്ടുകള്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി 44 പേർക്ക് കൂടി ഫുള്‍ മാർക്ക് ലഭിച്ചെന്നും എൻ.ടി.എ വ്യക്തമാക്കി.