കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം.

കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം.
alternatetext

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മൃതദേഹവുമായി പുറത്തുവന്ന ആംബുലൻസ് കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു. അധികൃതർ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നാളെ ഇവിടെ യൂ ഡി എഫും എൽ ഡി എഫും ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്

കളക്ടർ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച്‌ കൊല്ലാൻ ഉത്തരവിടണമെന്നും ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. രണ്ടു ദിവസമായി കക്കയം മേഖലയില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി കാട്ടുപോത്ത് ഇറങ്ങിയിട്ടും വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടില്‍ അബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്