കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
alternatetext

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നുമാകും.

പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്‍പ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന അഖില്‍ സജീവ് ആരാണ്? സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാള്‍ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇയാള്‍ക്ക് ഇപ്പോഴും സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. അഖില്‍ സജീവിന്റെ സംരക്ഷകര്‍ ആരൊക്കെയാണ് എന്നത് കൂടി അന്വേഷിക്കണം. അപ്പോള്‍ ആരാണ് ഗൂഢാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നില്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി പാര്‍ട്ടി അണികള്‍ക്ക് മുന്നില്‍ ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാര്‍ട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിന്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും അതിന് പിന്നില്‍ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെയാണ് വി ഡി സതീശന്റെ പ്രതികരണം

അറസ്റ്റിലായ അഖില്‍ സജീവിന്റെ പേരില്‍ പത്തോളം കേസുകള്‍ ഉണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം തട്ടിപ്പ് കേസുകള്‍ അഖില്‍ സജീവിന്റെ സ്വഭാവം വെളിപ്പെടുത്തുന്നു. അഖില്‍ സജീവ് ഒളിവില്‍ താമസിച്ചപ്പോള്‍ ആരുടെയൊക്കെ സഹായം ലഭിച്ചു എന്നറിയണം. അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുക എങ്ങനെ വിനയോഗിച്ചു എന്നറിയണം. വ്യാജ ഡോക്യുമെന്റുകള്‍ എങ്ങനെ തയ്യാറാക്കി എന്നത് അന്വേഷിക്കണം. വ്യാജ ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നറിയണമെന്നതടക്കമുള്ള കാര്യങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

അഖില്‍ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അഖിലിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്ന് പൊലീസ് അപേക്ഷിച്ചിരുന്നു.