രാമേശ്വരം കഫെ സ്‌ഫോടനക്കേസിലെ നാല് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ മുസവ്വിര്‍ ഹുസൈന്‍ ഷാസിബ്, അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ, മാസ് മുനീര്‍ അഹമ്മദ്, മുസമ്മില്‍ ഷെരീഫ് എന്നിര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപന ദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് സ്ഫോടനം നടത്താന്‍ പ്രതികള്‍ പദ്ധതിയിട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.
ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് രാമേശ്വരം കഫെയില്‍ ബോംബ് വെച്ചത്. പ്രതികള്‍ക്ക് ഐഎസ്-ലക്ഷ്‌കര്‍ ഇ തോയിബ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളതായി തെളിഞ്ഞെന്നും എന്‍ഐഎയുടെ കുറ്റപത്രത്തിലുണ്ട്. ബെംഗളുരുവിലെ ബ്രുക് ഫീല്‍ഡിലുള്ള രാമേശ്വരം കഫെയില്‍ കഴിഞ്ഞ മാര്‍ച്ച് മാസം ഒന്നാം തിയ്യതി നടന്ന ഇരട്ട സ്ഫോടന കേസിലാണ് എന്‍ഐഎയുടെ കുറ്റപത്രം സമര്‍പ്പിച്ചത്.
അയോധ്യ രാമ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്ന ജനുവരി 22 ന് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അന്നേ ദിവസം രാജ്യം അതീവ സുരക്ഷാ വലയത്തിലായതിനാല്‍ പദ്ധതി പാളുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ മുസവ്വിര്‍ ഹുസ്സൈന്‍ ഷാസിബാണ് ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തി കഫെയില്‍ ബോംബ് വെച്ചത്.
ശുചിമുറിയ്ക്ക് സമീപമുള്ള ട്രേയില്‍ ഇരുന്ന ബാഗായിരുന്നു പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഒമ്ബത് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടന്ന് 42 ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തില്‍ നിന്ന് എന്‍ഐഎ നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.