കടുത്ത ചൂടുള്ള സമയത്ത് ക്ളാസുകള്‍ ഒഴിവാക്കണം;പൊതുവിദ്യാഭ്യാസവകുപ്പ്

കടുത്ത ചൂടുള്ള സമയത്ത് ക്ളാസുകള്‍ ഒഴിവാക്കണം;പൊതുവിദ്യാഭ്യാസവകുപ്പ്
alternatetext

തിരുവനന്തപുരം: കടുത്ത ചൂടുള്ള സമയത്ത് ക്ളാസുകള്‍ ഒഴിവാക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ട്യൂട്ടോറിയല്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.കടുത്ത വേനലിലും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ക്ളാസുകള്‍ നടക്കുന്നതായി നിരവധി രക്ഷിതാക്കളുടെ പരാതി ലഭിച്ചിട്ടുണ്ട്.

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും എൻ.ഒ.സി നല്‍കുന്നത് സർക്കാരാണല്ലോ.അതുകൊണ്ട് നിർദ്ദേശം അനുസരിച്ചേ മതിയാവൂ. രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരങ്ങളിലും ക്ളാസുകള്‍ ആവാം. കടുത്ത ചൂട് സമയത്ത് ക്ളാസുകള്‍ നടത്തുന്നതും ജോലി ചെയ്യിക്കുന്നതും കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കും.

ഉഷ്ണതരംഗ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ തൊഴില്‍സമയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ പണിയെടുക്കുന്നത് കണ്ടാല്‍ തൊഴിലുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ലേബർ കമ്മിഷണർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.