കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു

കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു
alternatetext

കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതോടെ സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുത്തന്‍ സംവിധാനത്തിലേക്ക് മാറും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആധാരമെഴുത്തുകാരുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ മാസം 24ന് ചര്‍ച്ച നടത്തും.

നിലവിലുള്ള ആധാരമെഴുത്തിന് പകരം പുതിയ ടെംപ്ലെറ്റിലേക്ക് കാര്യങ്ങള്‍ മാറും. ഇപ്പോള്‍ 22തരം ആധാരങ്ങളാണ് ഉള്ളത്. അവ പര്യാപ്തമല്ലാത്തതിനാലാണ് പൂര്‍ണമായും ഒഴിവാക്കി ടെംപ്ലേറ്റുകളിലേക്ക് മാറുന്നത്. അതോടെ കൂടുതല്‍ മാതൃകകള്‍ നിലവില്‍ വരികയും ചെയ്യും. ആധാരം ചെയ്യുന്ന വ്യക്തിയുടെ പേര്, വസ്തുവിന്റെ വിവരങ്ങള്‍, സാക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങള്‍, വസ്തുവിന്റെ മുന്‍കാല രേഖകളിലെ വിവരങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാകും.

ഭൂ ഉടമ വയോജനവിഭാഗത്തിലുള്‍പ്പെട്ട ആളാണെങ്കില്‍, രേഖപ്പെടുത്തുന്ന ഇഷ്ടങ്ങള്‍ പാലിക്കാതെ വന്നാല്‍ വയോജന നിയമം ബാധകമാക്കാം.ആധാരം സംബന്ധിച്ച മറ്റ് വിവരങ്ങളുണ്ടെങ്കില്‍ അത് ചേര്‍ക്കാനുള്ള പ്രത്യേക കോളമുണ്ടാകും. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെയുള്ളവ ഈ ഭാഗത്ത് രേഖപ്പെടുത്താം. ഇതെല്ലാം ചേര്‍ത്ത് ഓണ്‍ലൈന്‍ മുഖേന സബ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച്‌ ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും ഒടുക്കിയാല്‍ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവും.

ആധാരമെഴുത്തുകാര്‍ മുഖേനയാവും ഇതെല്ലാം നടപ്പാക്കുക. ടെംപ്ളേറ്റ് സംവിധാനത്തിലേക്ക് മാറുമ്ബോള്‍ തൊഴില്‍ പ്രതിസന്ധിയുണ്ടാവുമെന്ന ആധാരമെഴുത്തുകാരുടെ ആശങ്ക അകറ്റാനാണ് ചര്‍ച്ച. കടലാസ് മുദ്രപ്പത്രങ്ങള്‍ ഒഴിവാകുന്നതിനൊപ്പം ആധാര രജിസ്ട്രേഷന്‍ സുതാര്യവും ലളിതവുമാവുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്‌ക്രൈബ്സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്സ് യൂണിയന്‍, കേരള സ്റ്റേറ്റ് ഡോക്യുമെന്റ് റൈറ്രേഴ്സ് ആന്‍ഡ് സ്‌ക്രൈബ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ രണ്ടു പ്രതിനിധികളെ വീതമാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.