തൃശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കെ മുരളീധരന്‍

തൃശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കെ മുരളീധരന്‍
alternatetext

തൃശൂര്‍: കെ സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍എം കെ വര്‍ഗീസിനെ സന്ദര്‍ശിച്ച്‌ കേക്ക് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശൂര്‍ മേയര്‍ക്കെതിരെ സിപിഐ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മേയറുടെ കൂറെന്താണെന്ന് വ്യക്തമായതാണ്.

മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരായ വി എസ് സുനില്‍കുമാറിന്റെ വിമര്‍ശനത്തിന്റെ സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭയിലെത്തിയ സുരേഷ് ഗോപിയെ അടുത്ത് പിടിച്ചിരുത്തി പ്രഗത്ഭനായ പാര്‍ലമെന്റേറിയനെന്ന് പറഞ്ഞയാളാണ് എം കെ വര്‍ഗീസെന്നും കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം, കെ സുരേന്ദ്രനില്‍ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഎസ് സുനില്‍ കുമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനില്‍ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു. കേക്ക് വാങ്ങിയതില്‍ രാഷ്ട്രീയമില്ലെന്ന് എം കെ വര്‍ഗീസ് പറഞ്ഞു. സുനില്‍ കുമാറിന്‍റെ ആരോപണം പുതിയതല്ലെന്നും മുമ്ബും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്ബോല്‍ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. ഇടതുപക്ഷത്തുള്ള ഒരാള്‍ ഇങ്ങനെ പറയരുത്. താൻ ഇടതുപക്ഷത്തിനൊപ്പമാണ് പോകുന്നതെന്ന് തൃശൂർ മേയർ വ്യക്തമാക്കി.