തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ദുരന്തത്തില്‍ നഗരസഭയിലേക്ക് മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്. ശുചീകരണത്തൊഴിലാളി ജോയിക്ക് ഒഴുക്കില്‍പ്പെട്ട് ജീവൻ നഷ്ടമായ സംഭവത്തില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തിയത്.
ഈ മാർച്ച് അക്രമാസക്തമാവുകയും, പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് ഇവർ നഗരസഭയുടെ പിന്നിലെ ഗേറ്റ് വഴി അകത്ത് കയറാൻ ശ്രമം നടത്തി.
ഇതും പൊലീസ് തടയുകയുണ്ടായി. അതേസമയം, ജോയിയുടെ അമ്മയ്ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കുകയുണ്ടായി.