ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെൻഷൻ

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെൻഷൻ
alternatetext

ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെൻഷൻ. ചാലക്കുടി വനം ഡിവിഷൻ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് എം വി ഹോബിക്കെതിരെയാണ് നടപടി. തൃശൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി പുഗഴേന്തിയാണ് അച്ചടക്ക നടപടിയെടുത്തത്.

ഡിവിഷൻ ഓഫീസിലെ ജീവനക്കാരിയുടെ ചിത്രങ്ങള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ ശേഷം സീനിയര്‍ സൂപ്രണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് പരാതി. ഈ ജീവനക്കാരിക്കെതിരെ ബോഡി ഷെയ്മിങ് നടത്തിയെന്നും ആരോപണമുണ്ട്. ഓഫീസിലെ ജീവനക്കാര്‍ ചേര്‍ന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററോട് ആരോപണങ്ങളെ കുറിച്ച്‌ അന്വേഷിക്കാൻ നിര്‍ദേശം നല്‍കി.

അന്വേഷണത്തില്‍ പരാതിയില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി. മോര്‍ഫിങ് സംബന്ധിച്ച തന്റെ പ്രവ‍ൃത്തിയില്‍ ഉദ്യോഗസ്ഥയ്ക്ക് ഖേദമില്ലെന്നും സഹപ്രവര്‍ത്തകരോടു സഹകരിക്കുന്നില്ലെന്നും സ്ഥിരമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. അടിയന്തര പ്രാധാന്യമുള്ള ഫയലുകളില്‍ നടപടി വൈകിക്കുന്നുവെന്നും ഓഫിസിലെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥയ്ക്കെതിരെ പരാതികള്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൂപ്രണ്ടിനെ ചുമതലയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന ശുപാര്‍ശയോടെ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനംവകുപ്പ് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്