അടിമാലി: ജീവിക്കാൻ നിവൃത്തിയില്ലാതെ ദയാവധം അനുവദിക്കണമെന്ന് ആവശ്യവുമായി പെൻഷൻ മുടങ്ങിയ വൃദ്ധദമ്പതികൾ. അടിമാലി അമ്പലപ്പടിയിൽ പെട്ടിക്കട നടത്തുന്ന വികലാംഗയായ ഓമനയും, ഭർത്താവ് ശിവദാസുമാണ് പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പെട്ടിക്കടയ്ക്ക് മുന്നിൽ ‘ദയാവധത്തിന് തയ്യാർ’ എന്ന ബോർഡ് സ്ഥാപിച്ചത്.
അടിമാലി കുളമാംകുഴികുടിയിൽ താമസിക്കുന്ന വൃദ്ധ ദമ്പതികൾക്ക് പട്ടികവർഗ്ഗ വകുപ്പാണ് ഉപജീവനത്തിനായി പെട്ടിക്കട അനുവദിച്ച് നൽകിയത്. കാട്ടു വിഭവങ്ങൾ ശേഖരിച്ച് പെട്ടിക്കടയിലൂടെ വിൽപ്പന നടത്തിയിരുന്ന വൃദ്ധ ദമ്പതികൾക്ക് പ്രായാധിക്യം മൂലവും, വന്യജീവികളുടെ ശല്യം മൂലവും അതിന് സാധിക്കാതായതോടെ പെൻഷനെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു നീക്കിയിരുന്നത്.
കാടിനോട് ചേർന്ന് കൃഷിസ്ഥലം ഉണ്ടെങ്കിലും വന്യജീവികൾ അതിക്രമിച്ച് കയറി വിളകൾ നശിപ്പിക്കുന്നതിനാൽ അവിടെയും വരുമാനം ലഭിക്കാറില്ല. തുടർന്നാണ് പെൻഷൻ കിട്ടാതെ ജീവിതം ദുരിതത്തിലായ ഇരുവരും ഇത്തരമൊരു പ്രതിഷേധ ബോർഡ് സ്ഥാപിച്ചത്