ആലപ്പുഴ: ജനുവരി 26 -ന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലേക്ക് ജില്ലയില്‍ നിന്നും ചെറുതന, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാര്‍ക്ക് ക്ഷണം. 2023 -ലെ ദേശീയ പഞ്ചായത്ത് രാജ് അവാര്‍ഡ് ജേതാക്കളെന്ന നിലയിലാണ് ഇരു പഞ്ചായത്തുകള്‍ക്കും ക്ഷണം ലഭിച്ചത്. ഒരു കോടി രൂപ വീതം സമ്മാനത്തുകയുള്ള അവാര്‍ ഡായിരുന്നു പഞ്ചായത്തുകള്‍ക്ക് ലഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ശിശു – ബാല സൗഹൃദ പഞ്ചായത്തായി(2023ല്‍) തെരഞ്ഞെടുത്തതിനാണ് ചെറുതന ഗ്രാമപഞ്ചായത്തിന് ക്ഷണം ലഭിച്ചത്. വാട്ടര്‍കണക്ഷന്‍, വൈദ്യുതി, ശിശു സൗഹൃദ ടോയിലറ്റ്, കളി ഉപകരണങ്ങള്‍, ലൈബ്രറി, ശുദ്ധമായ കുടിവെള്ളം എന്നിവയുള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ അംഗണവാടികളും സ്വയം പര്യാപ്തമാണ്.
ഇവിടെ പോഷകാഹാര വിതരണത്തിന് 2021-22 വര്‍ഷം 18.79 ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തില്‍ വകയിരുത്തിയത്. ഒരു മാതൃകാ അങ്കണവാടിയും പഞ്ചായത്തില്‍ നിലവിലുണ്ട്. അങ്കണവാടികള്‍ക്ക് പ്രഷര്‍കുക്കര്‍, ചുറ്റു മതില്‍, മാനസ്സിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്ക്കോളര്‍ഷിപ്പ്, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പഠനമുറി, പഠനോപകരണങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിന് സ്ക്കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികളും ഈ വര്‍ഷം വിജയകരമായി നടപ്പിലാക്കിവരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് വീയപുരം ഗ്രാമപഞ്ചായത്തിന് അവാര്‍ഡ്(2023ല്‍) ലഭിച്ചത്. റോഡ് വികസനം, വൈദ്യുതി കണക്ഷനുകള്‍, സ്കൂളുകള്‍, ആശുപത്രി സൗകര്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ഷെല്‍ട്ടറുകള്‍, റോഡ് കണക്ടിവിറ്റി തുടങ്ങിയ സുസ്ഥിര വികസന മാതൃകയിലൂടെയാണ് വീയപുരം ഈ നേട്ടത്തിന് അര്‍ഹമായത്.