ജെ.എസ്‌. സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ അന്തിമ കുറ്റപത്രം അടുത്തയാഴ്‌ചയ്‌ക്കുള്ളില്‍ സി.ബി.ഐ.സമര്‍പ്പിക്കും

ജെ.എസ്‌. സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ അന്തിമ കുറ്റപത്രം അടുത്തയാഴ്‌ചയ്‌ക്കുള്ളില്‍ സി.ബി.ഐ.സമര്‍പ്പിക്കും
alternatetext

പൂക്കോട്‌ വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി ജെ.എസ്‌. സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ അന്തിമ കുറ്റപത്രം അടുത്തയാഴ്‌ചയ്‌ക്കുള്ളില്‍ സി.ബി.ഐ. സമര്‍പ്പിക്കും. സംഭവത്തില്‍ ഗൂഢാലോചന നടന്നതിനു തെളിവു കണ്ടെത്താന്‍ അന്വേഷണസംഘത്തിനു സാധിച്ചില്ലെന്നു സൂചന.

അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുകഴിഞ്ഞു. ഫോറന്‍സിക്‌ പരിശോധനാ ഫലം ഈയാഴ്‌ച കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്‌. തുടരന്വേഷണത്തില്‍ കൊലക്കുറ്റം തെളിഞ്ഞാല്‍ കുറ്റപത്രം പുതുക്കി സമര്‍പ്പിക്കാനായിരുന്നു അന്വേഷണസംഘത്തിനു ലഭിച്ച നിയമോപദേശം.

എറണാകുളം സി.ജെ.എം. കോടതിയില്‍ കഴിഞ്ഞമാസം 26നു പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നതിനാല്‍, അനുബന്ധ കുറ്റപത്രമായാണു സമര്‍പ്പിക്കുന്നത്‌. കൊലക്കുറ്റം തെളിയാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകിയാല്‍ 60 ദിവസം പിന്നിടുമ്ബോള്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതു തടയാനായിരുന്നു തിടുക്കത്തില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്‌. പോലീസ്‌ എഫ്‌.ഐ.ആറിലുള്ള 20 പ്രതികളെ നിലനിര്‍ത്തിയാണു പ്രാഥമിക കുറ്റപത്രം. സി.ബി.ഐ. സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രം നാളെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

അറസ്‌റ്റിലായ പത്തോളം വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പരിഗണിക്കുമ്ബോഴായിരുന്നു കോടതി നിര്‍ദേശം നല്‍കിയത്‌. കഴിഞ്ഞമാസം ആറിനാണു സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തത്‌. ഡല്‍ഹി യൂണിറ്റില്‍നിന്നുള്ള ഉദ്യോഗസ്‌ഥര്‍ ഒരു മാസത്തിലേറെയായി വയനാട്ടില്‍ ക്യാമ്ബു ചെയ്‌താണു കേസന്വേഷണം. അതിനാല്‍ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല. മാത്രമല്ല, പോലീസ്‌ റിപ്പോര്‍ട്ടിനപ്പുറം കൂടുതലായി കണ്ടെത്താനുമായിട്ടില്ല.