അടിമാലി: ശ്രീലങ്കയിൽ നടന്ന മാസ്റ്റേഴ്സ് അറ്റ്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത് ജാവലിൻ ത്രോയിൽ വെങ്കലമെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് അടിമാലി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി. അമ്പത്തേഴുകാരിയായ റോസിലി ബേബിയാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടി അടിമാലിയുടെ അഭിമാനമായത്.
പ്രീഡിഗ്രി കാലംവരെ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന റോസിലി ജീവിതപ്രാരാബ്ദങ്ങളെ തുടർന്ന് കായികരംഗത്തോട് വിടപറയുകയായിരുന്നു. ഭർത്താവ് മരിച്ചതിനു ശേഷം കൂലിപ്പണിക്ക് പോയി കുടുംബം നോക്കിയിരുന്ന റോസിലി തൊഴിലുറപ്പ് ജോലിക്കിടയിലാണ് പ്രായമായവരുടെ രാജ്യാന്തര മത്സരങ്ങളെക്കുറിച്ച് അറിയുന്നത്. തുടർന്ന് പരിശീലനം നടത്തിയാണ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുത്തത്. വർഷങ്ങൾക്കു ശേഷം തന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ സന്തോഷത്തിലാണ് അടിമാലി സ്വദേശിനിയായ ഈ വീട്ടമ്മ.