ഐഎസ്‌ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 ഇന്ന് യാത്ര പുറപ്പെടും

 ഐഎസ്‌ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 ഇന്ന് യാത്ര പുറപ്പെടും
alternatetext

ഐഎസ്‌ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍1 ഇന്ന് യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററില്‍നിന്ന് പകല്‍ 11.50 നാണ് വിക്ഷേപണം.

എക്സ്‌എല്‍ ശ്രേണിയിലുള്ള പിഎസ്‌എല്‍വി സി 57 റോക്കറ്റാണ് പേടകവുമായി കുതിക്കുക. ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക് ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് പടിപടിയായി പഥം ഉയര്‍ത്തി 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക് പേടകത്തെ തൊടുത്തു വിടും. ദീര്‍ഘ യാത്രയ്ക്കൊടുവില്‍ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും.

ഭൂമിക്കും സൂര്യനുമിടയില്‍ ഗുരുത്വാകര്‍ഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തില്‍ ഭ്രമണം ചെയ്ത് സൂര്യനെ നിരീക്ഷിച്ച്‌ വിവരങ്ങള്‍ ലഭ്യമാക്കും. 15 കോടിയിലധികം കിലോമീറ്റര്‍ അകലെയുള്ള സൂര്യനെ പഠിക്കാൻ ഏറ്റവും ആധുനികമായ ഏഴ് പരീക്ഷണ ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷൻ, സൗരവാതങ്ങള്‍ തുടങ്ങിയവയെ സൂക്ഷ്മമായി നിരീക്ഷിക്കും. സൗരപ്രതിഭാസങ്ങള്‍ വഴി സൂര്യനില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഭൂമിയെ ബാധിക്കുന്നതെങ്ങനെയെന്ന പഠനമാണ് ആദിത്യയുടെ ലക്ഷ്യം. അഞ്ച് വര്‍ഷമാണ് ദൗത്യ കാലാവധി