ന്യൂഡല്‍ഹി:ഇന്ത്യൻ ചുമ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് വിദേശത്തടക്കം ആക്ഷേപം ഉയര്‍ന്നതോടെ, ഈ മരുന്നുകളുടെ പ്രധാന രാസ ഘടകമായ പ്രൊപ്പിലിൻ ഗ്ലൈക്കോളിന്റെ നിര്‍മ്മാതാക്കളും വിതരണക്കാരും കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തില്‍. അതേസമയം, രാജ്യത്തെ 54 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ കഫ് സിറപ്പുകള്‍ക്ക് നിശ്ചിത ഗുണനിലവാരം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
പ്രൊപ്പിലിൻ ഗ്ലൈക്കോളിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കി. ഈ രാസവസ്തു ഉല്‍പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും നിരീക്ഷിക്കണമെന്നും സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ മേധാവിയായ ഡഗ്സ് കണ്‍ടോളര്‍ ജനറലിന്റെ കത്തില്‍ നിര്‍ദ്ദേശമുണ്ട്.
വ്യവസായ നിലവാരത്തിലുള്ള പ്രൊപ്പിലിൻ ഗ്ലൈക്കോള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കും. സോണല്‍, സബ്സോണല്‍ ഡ്രഗ് ഇൻസ്പെക്ടര്‍മാര്‍ക്കാണ് പരിശോധനാ ചുമതല. പ്രൊപ്പിലിൻ ഗ്ലൈക്കോളിനൊപ്പം ഡൈ ഈഥൈല്‍ ഗ്ലൈക്കോളും ഈഥൈല്‍ ഗ്ലൈക്കോളും കഫ് സിറപ്പുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇവ നിലവാരം കുറഞ്ഞതാണെങ്കിലും, അളവില്‍ കൂടുതല്‍ ഉപയോഗിച്ചാലും കഫ് സിറപ്പ് വിഷമായി മാറും. വൃക്ക തകരാറ് മുതല്‍ മരണം വരെ സംഭവിക്കാം.
ഗാംബിയ, ഉസ്ബെക്കിസ്ഥാൻ, മാര്‍ഷല്‍ ഐലൻഡ്സ്, മൈക്രോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിലവാരമില്ലാത്ത ഇന്ത്യൻ ചുമ മരുന്നുകള്‍ ഉപയോഗിച്ച കുട്ടികള്‍ ഉള്‍പ്പെടെ മരണമടഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന ഇന്ത്യൻ കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പും നല്‍കി. ഇതോടെ എല്ലാ കമ്ബനികളും കഫ് സിറപ്പുകള്‍ കയറ്റുമതിക്ക് മുമ്ബ് സര്‍ക്കാര്‍ ലാബുകളില്‍ പരിശോധിച്ച് നിലവാരം ഉറപ്പാക്കാൻ കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.