ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തണം: ഹൈക്കോടതി

ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തണം: ഹൈക്കോടതി
alternatetext

കൊച്ചി: ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജില്ലാ കലക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉടുമ്ബന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവ്.

നിര്‍മ്മാണം തടയാന്‍ കലക്ടര്‍ക്ക് പൊലീസ് സംരക്ഷണം തേടാം. ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. മൂന്നാറില്‍ നിയമം ലംഘിച്ചു കൊണ്ട് സിപിഎം പാര്‍ട്ടി ഓഫീസുകള്‍ നിര്‍മ്മിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്‍ഒസി ഇല്ലാതെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും അത് പാലിക്കാതെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇടുക്കി ശാന്തൻപാറയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മിക്കുന്നതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാര്‍ഡമം ഹില്‍ റിസര്‍വിലെ നിര്‍മാണ ചട്ടം എന്നിവ ലംഘിച്ചാണ് നിര്‍മ്മാണം. നിയമ ലംഘനം നടത്തിയവര്‍ക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു