ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും ചക്കക്കൊമ്ബന്റെ പരാക്രമം. ചിന്നക്കനാല്‍ സിങ്കുകണ്ടത്താണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ ചക്കക്കൊമ്ബൻ എത്തിയത്. സിങ്കുകണ്ടം ടൗണിലൂടെയാണ് ആദ്യം എത്തിയത്. നാട്ടുകാർ തുരത്തി ഓടിക്കാൻ ശ്രമിച്ചതോടെ ജനവാസ മേഖലയിലേക്കും പിന്നാലെ കൃഷിയിടത്തിലേക്കും നീങ്ങിയ ചക്കക്കൊമ്ബൻ കൃഷികള്‍ നശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് ചക്ക കൊമ്ബൻ വനത്തിലേക്ക് മടങ്ങിയത്.
തുടർച്ചയായി ചക്കക്കൊമ്ബൻ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ അരിക്കൊമ്ബന്റെ വിഹാര കേന്ദ്രമായിരുന്ന ഈ പ്രദേശത്തുനിന്ന് കൊമ്ബനെ മാറ്റിയതിനുശേഷം കാട്ടാന ആക്രമണങ്ങളില്‍ കുറവ് ഉണ്ടായിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം മേഖലയില്‍ സജീവമാവുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുൻപുണ്ടായ കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് മേഖലയില്‍ കൊല്ലപ്പെട്ടത്. ഇതിന് പുറമേയാണ് ചക്ക കൊമ്ബൻ വീടുകളും റേഷൻ കടകളും ആക്രമിക്കുന്നത്.