കൊച്ചി: ഇടുക്കി ജില്ല കലക്ടറെ ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാനുള്ള തീരുമാനം ഹൈകോടതി തടഞ്ഞു. മൂന്നാര്‍ അടക്കം പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കാനുള്ള തീരുമാനം ഹൈകോടതി തടഞ്ഞത്.
ഒഴിപ്പിക്കല്‍ നടപടികള്‍ താളംതെറ്റാതിരിക്കാൻ കലക്ടറെ മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കഴിഞ്ഞയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച ഹരജികള്‍ വീണ്ടും പരിഗണിക്കവെ, കലക്ടര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല നല്കുന്ന കാര്യം പുനഃപരിശോധിക്കാൻ സമയം വേണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കാനാവില്ലെന്ന് വിലയിരുത്തിയ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കലക്ടറെ മാറ്റുന്നത് തടഞ്ഞ് ഉത്തരവിടുകയായിരുന്നു.