തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ കഞ്ചാവ് ചെടികള്‍.തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ടെറസില്‍ ചാക്കുകളില്‍ നട്ടു വളർത്തിയ രണ്ടു കഞ്ചാവു ചെടികളാണ് കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇവിടെ എത്തിയ പഞ്ചായത്ത് ജീവനക്കാരാണ് കഞ്ചാവ് ചെടി ശ്രദ്ധയില്‍പ്പെട്ട് പോലീസിനെ അറിയിച്ചത്.
പോത്തൻകോട് ഇടത്താട്ട് പതിപ്പള്ളിക്കോണം സോഫിയാ ഹൗസ് എന്ന വീട്ടില്‍ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകയ്ക്ക് താമസിക്കുന്നത്. ഈ വീട്ടില്‍ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകിയതിനെ തുടർന്ന് സമീപവാസി പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.ഇത് പരിശോധിക്കാൻ വീട്ടിലെത്തിയ പഞ്ചായത്തില്‍ നിന്നുള്ള ജീവനക്കാരാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.