കർണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടി നടത്തിയ തിരച്ചിലിനിടെ ഗംഗാവലി പുഴയില്‍ നിന്നും അസ്ഥി ഭാഗം കണ്ടെത്തി. പരിശോധനകള്‍ക്കായി ഫൊറൻസിക് ലാബിലേക്ക് അസ്ഥി അയച്ചിട്ടുണ്ട്.
ഗംഗാവലി പുഴയില്‍ നിന്ന് രാത്രിയോടെയാണ് അസ്ഥി കണ്ടെത്തിയത്. ഫൊറൻസിക് ലാബ് റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അസ്ഥി മനുഷ്യന്റെതാണോ മറ്റേതെങ്കിലും മൃഗത്തിന്റെതാണോ എന്ന് വ്യക്തമാകു.
അതേസമയം അർജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പേ മടങ്ങി. കാർവാർ എസ് പി നാരായണ മോശമായി സംസാരിച്ചെന്നും ഡ്രഡ്ജർ കമ്ബനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും അടക്കം ആരോപണം ഉന്നയിച്ചാണ് ഈശ്വർ മാല്‍പെ തിരൂരിലെ ദൗത്യം അവസാനിപ്പിക്കുന്നത്.
നീ വലിയ ഹീറോ ആകേണ്ട എന്ന തരത്തില്‍ സംസാരിച്ചു എന്നാണ് ഈശ്വര മാല്‍പേ പറയുന്നത്. മോശമായ തരത്തിലുള്ള സംഭാഷണം തന്റെ സംഘത്തിലുള്ളവരും കേട്ടുവെന്ന് മാല്‍പെ. ഒരു പൈസ പോലും വാങ്ങിക്കാതെ തിരച്ചിലിനായി ഇറങ്ങുന്നത് ഹീറോ ആകാൻ വേണ്ടി അല്ലെന്നും അതിനാല്‍ ഹീറോ ആകാൻ താൻ ഇല്ല പോവുകയാണെന്നും ഈശ്വർ മാല്‍പെ അധികൃതരോട് പറഞ്ഞു.