സംസ്ഥാനത്ത് ഹൗസ് ബോട്ടുകള്‍ക്ക് ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷൻ നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ ജില്ലയിലെ ടൂറിസം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ബോട്ടുകള്‍ക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്ന് സെക്രട്ടറിതലത്തില്‍ തീരുമാനിക്കാവുന്നതാണ്. ശിക്കാര ബോട്ടുകള്‍ക്ക് വ്യവസ്ഥകള്‍ പാലിച്ച് രജിസ്ട്രേഷൻ കൊടുക്കാം. ബോട്ടുകള്‍ക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകള്‍ സര്‍വ്വീസ് നടത്താന്‍ അനുവദിക്കരുതെന്നും നിലവില്‍ സര്‍വ്വീസ് നടത്തുന്നവ ക്രമവല്‍ക്കരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായതായി മുഖ്യമന്ത്രി അറിയിച്ചു. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ അതത് സ്ഥലത്ത് തന്നെ ഉണ്ടാക്കണം. സ്വീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് ( എസ്.ടി.പി) സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനെയും ടൂറിസം വകുപ്പിനെയും പങ്കെടുപ്പിച്ച് കളക്ടർമാർ ചർച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകള്‍ ഉടന്‍ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.ടൂറിസ്റ്റുകള്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശം നല്കി.
നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. ആവശ്യമായ പരിശീലനവും നല്‍കണം. കായലില്‍ അടിഞ്ഞുകൂടുന്ന പോള ശാസ്ത്രീയമായി നീക്കാൻ നടപടിയെടുക്കണം. കായല്‍ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എന്‍. എസ് പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ തുടങ്ങിയർ യോഗത്തില്‍ പങ്കെടുത്തു.