മഹാത്മാ ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് ഇന്ന് ലോകമെമ്ബാടും സ്വീകാര്യത വര്‍ധിക്കുന്നു. പരിസ്ഥിതി, സമാധാനം, സമത്വം, ചൂഷണരഹിത സമ്ബദ് വ്യവസ്ഥ, ജനശക്തി, അധികാരം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം ഗാന്ധിയന്‍ -സര്‍വോദയ ആശയങ്ങള്‍ സജീവമാകുന്നു. എന്നാല്‍ ഈ ആശയങ്ങള്‍ ഗാന്ധിജി മുന്നോട്ടുവെച്ച ചിന്തകളും പ്രവര്‍ത്തന പദ്ധതികളും ആണെന്ന് തിരിച്ചറിയാനും വ്യാഖ്യാനിക്കാനും വര്‍ത്തമാനകാല സമൂഹത്തിന് പലപ്പോഴും സാധിക്കുന്നില്ല.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണകൂടങ്ങള്‍ നടപ്പാക്കിയ പല നയ പരിപാടികളും ഗാന്ധിയന്‍ തത്വങ്ങള്‍ക്ക് അനുസൃതമായാണെന്ന് പിന്നിട്ട മൂന്നു തലമുറകള്‍ തെറ്റിദ്ധരിക്കുകയും ചെയ്തു. ഈ രണ്ടു കുറവുകള്‍ മൂലം ഗാന്ധിജി എന്ന സമഗ്ര വിപ്ലവകാരിയെ വേണ്ടത്ര മനസ്സിലാക്കാനും സാധിച്ചില്ല. ഗാന്ധിസം എന്ന പേരില്‍ ഒരു ഇസം ഉണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഗാന്ധിജി തന്നെ വ്യക്തമാക്കിയിരുന്നു. ഗിരിനിരകളോളം പഴക്കമുള്ള സത്യത്തെയും അഹിംസയെയും കാലദേശങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനും പ്രയോഗിക്കാനുമുള്ള ശ്രമം മാത്രമാണ് താന്‍ നടത്തിയിട്ടുള്ളതെന്ന് ഗാന്ധിജി പറയുന്നു.
തന്റെ പേരിനേക്കാള്‍ പ്രസക്തി ഉണ്ടാകേണ്ടത് സര്‍വ്വോദയം എന്ന ജീവിത ദര്‍ശനത്തിനും അതിന്റെ സര്‍വ്വകാല പ്രയോഗത്തിനുമാണ് എന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. സര്‍വോദയ സമൂഹ സൃഷ്ടി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നാളുകളില്‍ സ്വാതന്ത്ര്യം, സ്വരാജ് എന്നീ പദങ്ങളുമായി ബന്ധപ്പെടുത്തിയാണ് സര്‍വ്വോദയത്തെ ഗാന്ധിജി അവതരിപ്പിച്ചത്. സര്‍വോദയത്തിന്റെ പ്രയോഗത്തിനായി പതിനെട്ട് ഇനത്തിലുള്ള നിര്‍മ്മാണ പരിപാടികളും സജീവമായി നടന്നിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ സര്‍വോദയ സമൂഹ രചന എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് ഗാന്ധിജി വിഭാവനം ചെയ്തത്.
ഇതിനായാണ് ഒരു ലോക സേവക പ്രസ്ഥാനത്തിന് (ജനസേവ പ്രസ്ഥാനത്തിന്) അദ്ദേഹം നിയമാവലി തയ്യാറാക്കിയത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷം അദ്ദേഹത്തിന്റെ അന്തിമ ആഗ്രഹപ്രകാരം രൂപീകൃതമായ സര്‍വോദയ സമാജവും അഖിലേന്ത്യ സര്‍വ്വോദയ മണ്ഡലവും സര്‍വോദയ സമൂഹ രചനയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്വതന്ത്ര ഭാരതത്തിലെ ഭരണകൂടങ്ങള്‍ രാഷ്‌ട്രീയ-സാമ്ബത്തിക-സാമൂഹിക-ധാര്‍മ്മിക രംഗങ്ങളില്‍ ഗാന്ധിജി നിര്‍ദ്ദേശിച്ച സര്‍വോദയ ആദര്‍ശങ്ങളില്‍നിന്ന് വളരെയധികം വ്യതിചലിച്ചു.
ഭരണകൂടത്തിന്റെ വിവിധ പദ്ധതികളുടെ പ്രവാഹത്തിലും പ്രലോഭനത്തിലും അകപ്പെട്ട ജനതയെ സര്‍വോദയ സാധ്യതകളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് അക്കാലത്തെ ഗാന്ധിയന്‍ പ്രസ്ഥാനങ്ങളും വേണ്ടത്ര വിജയിച്ചില്ല. പാര്‍ലമെന്ററി ജനാധിപത്യം, വന്‍കിട പദ്ധതികള്‍ എന്നിവ മൂലമുണ്ടാകുന്ന കേന്ദ്രീകരണവും പാര്‍ശ്വവത്കരണവും തുറന്നുകാട്ടുന്നതിനും സാധിച്ചില്ല. കക്ഷിരഹിതവും വികേന്ദ്രീകൃതവുമായ ജനകീയ ജനാധിപത്യമാണ് ഗാന്ധിജി വിഭാവനം ചെയ്തത് എന്ന് ബോധ്യപ്പെടുത്തണമായിരുന്നു.
പൊതുമേഖലയും സര്‍ക്കാര്‍വത്കരണവും മാത്രമാണ്പുരോഗമനപരം എന്നും സ്വകാര്യസ്വത്തും വിനിയോഗവും ബൂര്‍ഷ്വാവത്കരണം ആണെന്നും മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ പടിഞ്ഞാറന്‍ സോഷ്യലിസ്റ്റ് – കമ്മ്യൂണിസ്റ്റ് ആരാധകര്‍ മുന്നിട്ടിറങ്ങി. ഇവര്‍ ഭരണകൂടങ്ങളുടെ ഉപദേശകരും ആസ്ഥാന വിദഗ്ധരുമായി. നയരൂപീകരണം ഇവരുടെ കൈകളിലായി. ജനപങ്കാളിത്തത്തോടെ സ്വകാര്യസ്വത്ത് സമൂഹ നന്മയ്‌ക്കായി വിനിയോഗിക്കാമെന്ന വിപ്ലവകരമായ ട്രസ്റ്റി ഷിപ്പ് ആശയത്തെ ജനമനസ്സുകളില്‍ എത്തിക്കാനും സ്വാതന്ത്ര്യാനന്തര തലമുറയിലെ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാധിച്ചില്ല.
സര്‍വ്വ മതങ്ങളുടെയും അടിസ്ഥാനമായ ആത്മീയതയുടെ സമാനതകള്‍ക്ക് (ഏകാത്മകതക്ക്) മുന്‍ഗണന നല്‍കുന്ന സര്‍വ്വ ധര്‍മ്മ സമഭാവം അനുഭവ യോഗ്യമാക്കി മാറ്റുന്നതിനും മതേതരത്വം എന്ന കേവലമായ പ്രകടനാത്മകതയെ തുറന്നുകാട്ടാനും സാമൂഹ്യപ്രസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങിയില്ല. വേണ്ടത് നവീന രീതികള്‍ സര്‍വോദയ സമൂഹരചനയ്‌ക്കായി ആവിഷ്‌കരിച്ച നിര്‍മാണ പരിപാടികള്‍ സ്വതന്ത്ര ഭാരതത്തിലെ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വിധം നൂതനമായി അവതരിപ്പിക്കാന്‍ ഇനിയും ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
സമസ്ത ജീവജാലങ്ങളുടെയും ക്ഷേമം അഥവാ സര്‍വ്വോദയം ആണ് ഭാരതത്തിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കാന്‍ ധൈര്യമുള്ള ധിഷണാപരമായ പരിസരം രൂപപ്പെടുക തന്നെ വേണം. സര്‍വോദയ ലക്ഷ്യത്തില്‍ അധിഷ്ഠിതമായി ആചാര്യ വിനോബാ ഭാവേ നേതൃത്വം നല്‍കിയ ഭൂദാന്‍ – ഗ്രാമ ദാന്‍ പ്രസ്ഥാനങ്ങള്‍ സ്വതന്ത്ര ഭാരതത്തിലെ ജനസമൂഹത്തില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തി. ഗാന്ധിയന്‍ സര്‍വോദയ ആശയങ്ങള്‍ ആത്മനിഷ്ഠവും കേവലം ആശ്രമ കേന്ദ്രീകൃതവും ആണെന്ന പരിഹാസത്തെ മറികടക്കാന്‍ ഈ സാമൂഹിക വിപ്ലവത്തിന് സാധിച്ചു.
മഹാത്മാഗാന്ധിയുടെ ജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചും സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അദ്ദേഹം വഹിച്ച നേതൃത്വത്തെ കുറിച്ചും വിവരിക്കുന്നതിനായാണ് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഗാന്ധിയന്‍ സംഘടനകളും സ്ഥാപനങ്ങളും പ്രധാനമായും ശ്രമിച്ചത്. അദ്ദേഹം മുന്നോട്ടുവെച്ച സര്‍വ്വോദയം എന്ന ആശയത്തെ ശക്തിയായി അവതരിപ്പിക്കുന്നതിനും കര്‍മപരിപാടികള്‍ രൂപപ്പെടുത്തുന്നതിനും ത്യാഗ പൂര്‍ണവും ഉത്തരവാദിത്തപരവുമായ ശ്രമങ്ങള്‍ തുടരണം.
ഗാന്ധിജിയുടെ അടുത്ത അനുയായികളും സന്തതസഹചാരികളും ആയിരുന്നവര്‍ സ്വതന്ത്രഭാരതത്തില്‍ ഭരണസാരഥികളായപ്പോള്‍ അവര്‍ ആവിഷ്‌കരിച്ച വികസന നയവും പദ്ധതികളും ഗാന്ധിയന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായവയാണെന്ന് സ്വാതന്ത്ര്യാനന്തര തലമുറ തെറ്റിദ്ധരിച്ചു. വാസ്തവത്തില്‍, ഗാന്ധിജി നിരാകരിക്കാന്‍ ശ്രമിച്ച സംസ്‌കാരമാണ് ഇത്തരം പദ്ധതികളിലൂടെ സ്വതന്ത്ര ഭാരതത്തില്‍ തിരിച്ചുവന്നത്. ഈ പദ്ധതികളുടെ പ്രത്യാഘാതങ്ങളും പരാജയവും ഗാന്ധിയന്‍ പരിപാടികളുടെ വൈകല്യമായി ഉയര്‍ത്തി കാണിക്കുന്നതിന് ചിലര്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടത്തി. ഇതും തിരിച്ചറിയണം.
മുന്നേറാം ശുഭാപ്തിവിശ്വാസത്തോടെ സര്‍വോദയ ചിന്താപദ്ധതിയോട് ഒത്തുപോകുന്ന നിരവധി മാറ്റങ്ങളും പരിപാടികളും കാഴ്ചപ്പാടുകളും സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും അന്താരാഷ്‌ട്ര രംഗത്തും ഉണ്ടാകുന്നുണ്ട്. പഞ്ചായത്ത് രാജ് നിയമം, ത്രിതല പഞ്ചായത്ത് സംവിധാനം, ജനകീയ ആസൂത്രണം ജൈവകൃഷി പ്രോത്സാഹനം, പ്രകൃതി ജീവനം, ട്രസ്റ്റ്ഷിപ്പ് സിദ്ധാന്തത്തോട് ഒത്തുപോകുന്ന സിഎസ്‌ആര്‍ ഫണ്ട്, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, സര്‍വരുടെയും പുരോഗതി, കാര്‍ഷിക മേഖലയില്‍ ഇടത്തട്ടുകാരെ ഒഴിവാക്കല്‍, ഉത്പാദന വിതരണ രംഗങ്ങളില്‍ സഹകരണ സംഘങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരത്, സുസ്ഥിരവികസനം, സ്വയംസഹായ സംഘങ്ങള്‍, നൂതനാശയ സംരംഭങ്ങള്‍, സ്വച്ഛ് ഭാരതം, ഒരു ലോകം ഒരു കുടുംബം ഒരു ഭാവി, അന്താരാഷ്‌ട്ര സമന്വയം, ആഗോള അഹിംസാദിന പരിപാടികള്‍, നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം, സമഗ്ര ആരോഗ്യ പരിപാലനം, മനുഷ്യമുഖമുള്ള സമ്ബത്ത് വ്യവസ്ഥ, മതാതീത ആത്മീയത, ധാര്‍മികതയുടെ മതം, മനുഷ്യത്വത്തില്‍ അധിഷ്ഠിതമായ ശാസ്ത്രവും നിര്‍മിത ബുദ്ധിയും, അന്താരാഷ്‌ട്ര സഹകരണം, നയതന്ത്രം, സഹകരണാത്മക നയതന്ത്രം, സമാധാനം, പ്രസ്ഥാനങ്ങള്‍, പൗരാവകാശ മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം സര്‍വോദയ ആത്മാംശങ്ങളുള്ളവയാണ്.
സര്‍വോദയ ആശയങ്ങളും പ്രവര്‍ത്തനരീതികളും ലോകസമൂഹത്തില്‍ ധാരാളമായി സ്വീകരിക്കപ്പെടുന്നു എന്നതിന്റെ ഏതാനും ഉദാഹരണങ്ങളാണ് ഇവ. അതേസമയം, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം, ഉയര്‍ന്ന ജീവിത നിലവാരം, സൈബര്‍ ആക്രമണങ്ങള്‍, സാമുദായിക രാഷ്‌ട്രീയ ധ്രുവീകരണങ്ങള്‍, യുദ്ധം, സാംക്രമിക രോഗങ്ങള്‍ എന്നീ വെല്ലുവിളികള്‍ ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്നു. ഇത് തരണം ചെയ്യാനും സര്‍വോദയ ആത്മാംശമുള്ള പരിപാടികളെയും ചിന്തകളെയും വികസിപ്പിക്കാനും സമഗ്രമായ സര്‍വോദയ പദ്ധതി രൂപം കൊള്ളണം. ചില മേഖലകളില്‍ മാത്രം സര്‍വോദയ ആഭിമുഖ്യത്തിലുള്ള ഏതാനും പദ്ധതികള്‍ നടപ്പിലാക്കിയതുകൊണ്ട് സര്‍വോദയ സമൂഹ രചനയോ സാമൂഹിക മാറ്റമോ സാധ്യമാവില്ല.
സാമ്ബത്തിക – സാമൂഹിക – ധാര്‍മിക – രാഷ്‌ട്രീയ മേഖലകളിലെല്ലാം ഒരേസമയം സര്‍വോദയ ദര്‍ശനത്തിനന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന വ്യതിയാനം ഉണ്ടാകുമ്ബോഴാണ് സമഗ്ര സാമൂഹികമാറ്റം സാധ്യമാകുന്നത്. ഗ്രാമ തലം മുതല്‍ അന്താരാഷ്‌ട്ര തലം വരെ ഈയൊരു സമീപനം പാലിക്കാന്‍ സാധിക്കണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , സര്‍വോദയം ജീവിതശൈലിയായി മാറണം. സമൂഹത്തില്‍ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന മാറ്റം ആദ്യം സംഭവിക്കേണ്ടത് നമ്മില്‍ തന്നെയാണ് എന്ന ഗാന്ധിയന്‍ മന്ത്രദീക്ഷ ഉള്‍ക്കൊണ്ട്‌സര്‍വോദയം എന്ന ദര്‍ശനത്തെയും കര്‍മ്മ പദ്ധതികളെയും മുന്‍നിര്‍ത്തി ധര്‍മ്മനിഷ്ഠയോടെ മുന്നേറുക എന്നതാണ് കാലം നമ്മോട് ആവശ്യപ്പെടുന്ന ദൗത്യം.