കൊച്ചിയിലെ അനാശാസ്യ കേന്ദ്രം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

കൊച്ചിയിലെ അനാശാസ്യ കേന്ദ്രം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ
alternatetext

കൊച്ചി കടവന്ത്രയിലെ അനാശാസ്യകേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കൊച്ചി ട്രാഫിക്കിലെ എഎസ്‌ഐ രമേഷ്, പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്‌ജ് നടത്തിപ്പില്‍ ഇവർക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍. തുടർന്നാണ് ഇരുവരെയും കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്‌തത്.

പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരും ബിനാമികളായി പ്രവർത്തിക്കുകയായിരുന്നു. സാമ്ബത്തികമായി എഎസ്‌ഐ രമേഷിന് ഒമ്ബത് ലക്ഷത്തോളം രൂപ നടത്തിപ്പുകാർ നല്‍കിയതായുള്ള രേഖകളടക്കം പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ സഹായം പെണ്‍വാണിഭ സംഘത്തിന് നല്‍കിയിരുന്നുവെന്നാണ് വ്യക്തമാകുന്നത്. തുടർന്നാണ് ഇവരുടെ അറസ്റ്റിലേക്ക് നീങ്ങിയത്.

കഴിഞ്ഞ ഒക്ടോബറില്‍ കടവന്ത്രയിലെ ലോഡ്‌ജില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവർത്തനത്തിന് ഏജന്റുമാരായ സ്ത്രീയും പുരുഷനും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് ലോഡ്‌ജ് നടത്തി വരുമാനമുണ്ടാക്കിയിരുന്നത് പൊലീസുകാരാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനാശ്യാസ കേന്ദ്രത്തിന്റെ നടത്തിപ്പില്‍ പൊലീസുകാരായ രമേശിനും ബ്രിജേഷ് ലാലിനും പങ്കുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചത്. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ വൈകിട്ടാണ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.