കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്.
വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍കക്ഷിയായിരുന്നു യുവാവ്. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് യുവതിയും യുവാവും കോടതിയില്‍ എത്തി.
വാദത്തിനിടെ യുവാവിനൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന് കോടതി പെണ്‍കുട്ടിയോട് ആരാഞ്ഞു. ആ ഘട്ടത്തില്‍ യുവാവിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി മറുപടി നല്‍കി. ഇതിന് പിന്നാലെ ചേംബറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന യുവാവ് പുറത്തേയ്ക്ക് പോകാന്‍ ഒരുങ്ങി. അപ്പോള്‍ യുവാവിനോട് എവിടേയ്ക്ക് പോകുന്നുവെന്ന് അഭിഭാഷകര്‍ അടക്കം ചോദിച്ചു. പെണ്‍കുട്ടിയുടെ ചില വസ്തുക്കള്‍ തിരികെ ഏല്‍പ്പിക്കുന്നതിന് എടുക്കാന്‍ പോകുന്നു എന്നാണ് മറുപടി നല്‍കിയത്. വാതിലില്‍ എത്തിയ സമയത്ത് കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് യുവാവ് കൈ ഞരമ്ബ് മുറിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അവിടെ ഉണ്ടായിരുന്ന പൊലീസുകാരും മറ്റും ചേര്‍ന്ന് വീണ്ടും സ്വയം ആക്രമിക്കുന്നതില്‍ നിന്ന് യുവാവിനെ തടഞ്ഞു. തുടര്‍ന്ന് പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ കോടതി അല്‍പ്പനേരം നിര്‍ത്തിവെച്ചു.