ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
തൻ്റെ മൊഴി കൂടി അടങ്ങിയ റിപ്പോർട്ട് എങ്ങനെ പുറത്തുവിടുന്നു എന്നതിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് നടി അപ്പീല്‍ നല്‍കിയത്. റിപ്പോർട്ട് പുറത്തുവിടും മുൻപ് തന്നെ കൂടി കേള്‍ക്കണമെന്നാണ് ഹർജിയില്‍ രഞ്ജിനിയുടെ ആവശ്യം. പുറത്തുവിടുന്ന റിപ്പോർട്ടില്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പുവരുത്തണം. മൊഴി നല്‍കിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോധ്യപ്പെടുത്തണം. മൊഴി നല്‍കിയവരുടെ സമ്മതമില്ലാതെ പുറത്തുവിടരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയില്‍ നേരിടുന്ന ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.