ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം നവംബർ 5,6 തീയ്യതികളില്‍ തിരുവനന്തപുരം വലിയതുറ ഫാ. തോമസ് കോച്ചേരി സെന്ററില്‍ നടക്കും. WFFP, NFF, KSMTF തുടങ്ങി ലോകമെങ്ങുമുള്ള മത്സ്യത്തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കു ആശയവും ആവേശവും രാഷ്ട്രീയ ദിശയും പകർന്നു നല്‍കിയ ഫാ. തോമസ് കോച്ചേരിയുടെ പേരിലുള്ള സെന്ററില്‍ തീരദേശ മഹിളാ വേദിയും കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും ചേർന്നാണ് ദേശീയ വനിതാ മത്സ്യ തൊഴിലാളി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഇന്ന് ലോകമെമ്ബാടും ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങളായ നീല സമ്ബദ് വ്യവസ്ഥ, കടലാവകാശങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധി, ദുരന്തങ്ങള്‍, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങള്‍ ദേശീയ അസംബ്ലിയി ചർച്ച ചെയ്യും. അതിനോടൊപ്പം ജനകീയ കണ്‍വെൻഷൻ, പ്രതിനിധി സമ്മേളനം, കലാ സാംസ്കാരിക പരിപാടികള്‍, മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ റാലി എന്നിവയും ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനത്തിന് മാറ്റ് കൂട്ടും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ മത്സ്യത്തൊഴിലാളികള്‍, അക്കാദമിക് വിദഗ്ധർ, സാമൂഹിക സാസ്കാരിക രാഷ്ട്രീയ നേതാക്കള്‍ എന്നിവർ അടക്കം 300 ഓളം വനിതാ മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. നവംബർ 14 നും 21 നും ഇടയില്‍ ബ്രസീലില്‍ നടക്കാനിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആഗോള അസംബ്ലിയുടെ മുന്നോടിയായാണ് ദേശീയ വനിതാ മത്സ്യത്തൊഴിലാളി അസംബ്ലി സംഘടിപ്പിക്കുന്നത്.
ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് 4 വനിതാ മത്സ്യത്തൊഴിലാളി നേതാക്കള്‍ ബ്രസീലില്‍ നടക്കുന്ന ആഗോള അസ്സംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. തൊഴിലുമായി ബന്ധപ്പെട്ടും സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയമായും ഒരുപാട് തരത്തിലുള്ള വിവേചനങ്ങളും അതിക്രമങ്ങളും മത്സ്യതൊഴിലാളി മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. തീരവും കടലും കോർപ്പറേറ്റുകള്‍ക്ക് തീറെഴുതുക വഴി പരമ്ബരാഗത മത്സ്യ മേഖല പൂർണ്ണമായി തകർന്ന അവസ്ഥയിലാണ്.
തീരദേശത്തെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങള്‍ മൂലം മത്സ്യ തൊഴിലാളികള്‍ക്ക് തീരവും കടലും അപ്രാപ്യമായിരിക്കുകയാണ്. പരമ്ബരാഗത മത്സ്യബന്ധനം നടത്തിയിരുന്നവർക്കും തല ചുമടാല്‍ മത്സ്യം വിറ്റിരുന്ന സ്ത്രീകള്‍ക്കും തൊഴില്‍ കൂടുതല്‍ ദുഷ്കരമായി. ആധുനിക മാർക്കറ്റിങ് സംവിധാനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തുന്ന സ്ത്രീകളുടെ തൊഴില്‍സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീർണമാക്കി. വികലവും അശാസ്ത്രീയവുമായ വികസന പദ്ധതികള്‍ മത്സ്യത്തൊഴിലാളി ജീവിതങ്ങളെ തീരത്തു നിന്നും അവരുടെ തൊഴിലിടങ്ങളില്‍ നിന്നും അവരെ നിഷ്കരുണം പുറത്താക്കി.
കാലാവസ്ഥാ വ്യതിയാനം മൂലം കടലിന്റെ സ്വഭാവം മാറുക വഴി മത്സ്യബന്ധനം കൂടുതല്‍ ദുഷ്കരവും അപകടകരവുമായി. തീരശോഷണവും വിഭവശോഷണവും സംഭവിച്ചു. ഇവയെല്ലാം ഏറ്റവുമധികം ബാധിച്ചത് മത്സ്യത്തൊഴിലാളി സ്ത്രീകളെയാണ്. മുതലപ്പൊഴിയില്‍ മരണമടഞ്ഞ മുഴുവൻ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും അർഹമായ നഷ്ടപരിഹാരം നല്‍കുക, അവരുടെ പേരിലുള്ള കടങ്ങള്‍ എഴുതി തള്ളുകയും ആശ്രിതരില്‍ അർഹരായ ഒരാള്‍ക്ക് സർക്കാർ ജോലി നല്‍കുകയും ചെയ്യുക, കടലേറ്റത്തില്‍ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് ഭൂമിയും വീടും നല്‍കുക, ഹാർബറുകളില്‍ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് മുൻഗണനയും പ്രത്യേക പരിഗണനയും നല്‍കുക, മത്സ്യമാർക്കറ്റുകളില്‍ അടിസ്ഥാന സൗകര്യ വികസനവും സ്ത്രീകളുടെ തൊഴിലും സുരക്ഷിതത്വവും ഉറപ്പു വരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ കൂടി ദേശീയ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ മഹിളാ വേദിയും കേരളം സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ഉയർത്തുന്നുണ്ട്..
ഇത്തരം പ്രശ്നങ്ങള്‍ക്കെതിരെയും തൊഴിലവകാശങ്ങളുമായി ബന്ധപ്പെട്ടും മേല്‍പ്പറഞ്ഞ മേഖലകളിലെ വനിതാ മത്സ്യതൊഴിലാളികളുടെ നടത്തുന്ന പോരാട്ടങ്ങളും കൂട്ടായ ഇടപെടലുകളും പരസ്പരം മനസ്സിലാക്കുന്നതിനും ദേശീയ അന്തർദേശീയ തലത്തില്‍ തന്നെ ഈ വിഷയങ്ങള്‍ ഉയർത്തിക്കൊണ്ടു വരുന്നതിനുമാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ തന്നെ ഈ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. നവംബർ 4ന് വൈകീട്ട് 5 മണിക്ക് തുമ്ബ മുതല്‍ ശംഖുമുഖം വഴി പൂന്തുറ വരെ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ നയിക്കുന്ന ഇരുചക്ര വാഹന വിളംബര ജാഥയോടെ ദേശീയ വനിത സമ്മേളനത്തിന് തുടക്കം കുറിക്കും.
നവംബർ 4നു മണ്മറഞ്ഞു പോയ മത്സ്യത്തൊഴിലാളി നേതാക്കളായ ജോയിച്ചൻ ആന്റണി, ടി പീറ്റർ, സിസ്റ്റർ റോസ്, ഫാ. തോമസ് കോച്ചേരി എന്നിവരെയും നമ്മെ വിട്ടുപോയ മറ്റു പ്രവർത്തകരെയും സംഘാടക സമിതിയും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് അനുസ്മരിക്കും. നവംബർ 5നു രാവിലെ വലിയതുറയില്‍ നിന്ന് ആരംഭിക്കുന്ന വനിതാ മത്സ്യ തൊഴിലാളി അവകാശ പ്രഖ്യാപന റാലിയോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 10 മണിക്ക് സമ്മേളന വേദിയായ തോമസ് കോച്ചേരി സെന്ററില്‍ ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനം ആരംഭിക്കും. 5നു ഉച്ച മുതല്‍ വനിതാ മത്സ്യത്തൊഴിലാളി നേതൃത്വങ്ങള്‍, പ്രതിരോധങ്ങള്‍, കടലാവകാശങ്ങള്‍ എന്നീ വിവിധ വിഷയങ്ങളില്‍ പ്രതേക സെഷനുകള്‍ സംഘടിപ്പിക്കും.
പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ട് ദേശീയ വനിതാ മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിനകത്തു നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കളും വിവിധ കലാ സാംസ്കാരിക രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.