ഗവര്‍ണര്‍മാര്‍ക്കെതിരായ കേരള, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും.

ഗവര്‍ണര്‍മാര്‍ക്കെതിരായ കേരള, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും.
alternatetext

ന്യൂഡല്‍ഹി: സംസ്‌ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതു ഗവര്‍ണര്‍മാര്‍ അനിശ്‌ചിതമായി വൈകിപ്പിക്കുന്നതിനെതിരേ കേരള, തമിഴ്‌നാട്‌ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വാദം കേള്‍ക്കും. ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌, ജസ്‌റ്റിസ്‌ ജെ.ബി. പര്‍ദിവാല, ജസ്‌റ്റിസ്‌ മനോജ്‌ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണു വാദം കേള്‍ക്കുന്നത്‌.

ബില്ലുകളെച്ചൊല്ലി തമിഴ്‌നാട്‌ സര്‍ക്കാരും ഗവര്‍ണര്‍ എന്‍.ആര്‍. രവിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ, നിയമസഭ പാസാക്കി അയച്ച 10 ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്‌. നിയമം, കൃഷി, ഉന്നതവിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട ബില്ലികളാണിവ.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്‌നാട്‌ ഗവര്‍ണറുടെ നടപടിയില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം തേടിയിട്ടുണ്ട്‌. വിഷയം പരിഹരിക്കുന്നതിന്‌ അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും സഹായവും കോടതി തേടിയിട്ടുണ്ട്‌. ഗവര്‍ണര്‍ തുടര്‍ച്ചയായി ഭരണഘടനാവിരുദ്ധമായ രീതിയില്‍ പെരുമാറുകയാണെന്നും സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്‌ടിക്കുകയാണെന്നും തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ പറയുന്നു.

ബില്ലുകള്‍ വൈകിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നപടിക്കെതിരേ കേരളം നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി ഇന്നു പരിഗണിക്കും. ഗവര്‍ണറുടെ നിഷ്‌ക്രിയത്വം ജനങ്ങളുടെ അവകാശത്തെ പരാജയപ്പെടുത്തുകയാണ്‌. കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലുകളാണു ഗവര്‍ണര്‍ക്കു മുന്നിലുള്ളത്‌. ഇതില്‍ മൂന്നെണ്ണം രണ്ടുവര്‍ഷമായും മറ്റു മൂന്നെണ്ണം ഒരു വര്‍ഷത്തിലേറെയായും തീരുമാനം കാത്തുകിടക്കുകയാണ്‌. ഭരണഘടനയുടെ അടിസ്‌ഥാനതത്വങ്ങളെ ലംഘിക്കുന്നതും സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്‌ടിക്കുന്നതുമാണു ഗവര്‍ണറുടെ നടപടിയെന്നു കേരളത്തിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു.