കേരളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടിയുടെ വിയഗോത്തിൽ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകർ ഓർമ്മിക്കുന്നു.ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ടിയുടെ അന്ത്യം. ഇന്ന് വൈകിട്ട് നാല് വരെ കോഴിക്കോട്ട് അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ പൊതുദര്‍ശനമുണ്ടാകും. അഞ്ച് മണിക്ക് മാവൂര്‍ റോഡ് ശ്മാശനത്തിലാണ് സംസ്‌കാരം.
കേരളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിയഗോത്തില്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ കലാകേരളം ഇന്ന് കോഴിക്കോടേക്ക് പോകുകയാണ്. സിനിമാ രാഷ്ട്രീയ സാഹിത്യ മേഖലയില്‍ ഉള്ള നിരവധി പേരാണ് എംടിയെ അവസാനമായി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍
സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളത്തെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നതെന്ന് പിണറായി വിജയന്‍ അനുസ്മരിച്ചു. എംടിയുടെ വിയോഗത്തില്‍ അഗാധമായ ദുഖവും അനുശോചനവും മുഖ്യമന്ത്രി രേഖപ്പെടുത്തി. ‘മലയാളത്തെ നെറുകയില്‍ എത്തിച്ച മഹാപ്രതിഭയുടെ വിടവാങ്ങലാണ് സംഭവിച്ചിരിക്കുന്നത്. ഇത് കേരളത്തിന് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ്. നമ്മുടെ സംസ്‌കാരത്തെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടാന്‍ എം ടി ചെയ്ത സേവനം മറക്കാന്‍ കഴിയില്ല. വിവിധ മേഖലകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗ വാസന കഴിവ് തെളിയിച്ചിരുന്നത്. എം ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു’, എം ടി വാസുദേവന്‍ നായര്‍ക്ക് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചതിന് ശേഷമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
വി ഡി സതീശന്‍
എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു.
മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്. ആ പേനയില്‍ നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്ന് ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി
മോഹന്‍ലാല്‍
എംടിയുടെ കോഴിക്കോടുള്ള ‘സിതാര’യില്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തി അന്ത്യോമപചാരം അര്‍പ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് എം ടി വാസുദേവന്‍ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അര്‍പ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ നായര്‍ എന്നും താരം വ്യക്തമാക്കി. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്. ആരോഗ്യ വിവരങ്ങള്‍ ആശുപത്രിയില്‍ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു
കെ സി വേണുഗോപാല്‍ എംപി.
എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. വേര്‍പാട് ശരീരത്തിന്റേത് മാത്രമാണെന്നും അദ്ദേഹം ബാക്കിവെച്ചുപോയ മലയാളം ഇവിടെ ശേഷിക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ .എനിക്കെല്ലാക്കാലവും വിസ്മയമായിരുന്നു എംടി വാസുദേവന്‍ നായര്‍. വ്യക്തിപരമായി, അതിനേക്കാളേറെ, ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തിലായിരുന്നു എനിക്ക് എം.ടിയുമായുണ്ടായിരുന്ന ബന്ധം.
നേരിട്ട് കാണാനും ഇടപഴകാനും എണ്ണമറ്റ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഭയം കലര്‍ന്ന ഒരാദരവും ആരാധനയും കാത്തുസൂക്ഷിച്ചിരുന്നു. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്കേ ആ ആദരവും ആരാധനയും തുടങ്ങിയിരുന്നു. വല്ലപ്പോഴുമാണ് അദ്ദേഹത്തെ കാണാറുള്ളത്. കാണുമ്ബോള്‍ അത്ര പെട്ടെന്നൊന്നും വിടാറുമില്ല. സാഹിത്യവും രാഷ്ട്രീയവും സമൂഹവും ചര്‍ച്ചയാകുന്ന ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ എക്കാലത്തും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന കാലത്തിന്റെ ഓര്‍മ്മപ്പൂക്കളങ്ങള്‍ തന്നെയാണ്.നിലാവ് ഇഷ്ടപ്പെടുന്നവരെല്ലാം എം ടിയുടെ കഥകളും ഇഷ്ടപ്പെടുന്നുണ്ട്. ആ പൗര്‍ണ്ണമിക്ക്, നിലാവിന് മരണമില്ലല്ലോ. ഏറെ ആദരവോടെ, മലയാളത്തിന്റെ എം ടിക്ക് പ്രണാമം.
കെ സുരേന്ദ്രന്‍
മലയാളത്തിന്റെ അതുല്യ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേര്‍പാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എം ടി കഥാവശേഷനാകുമ്ബോള്‍ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവര്‍ത്തിയായി നിലനില്‍ക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം.എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷണങ്ങള്‍ക്കുടമയാണദ്ദേഹം. ലോകമെങ്ങുമുള്ള സാഹിത്യാസ്വാദകരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. മഹാനായ എഴുത്തുകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ജു വാര്യര്‍
മലയാളത്തിലെ ഇതിഹാസ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. ആധുനിക മലയാളത്തെ വിരല്‍ പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിനെന്ന് മഞ്ജു വാര്യര്‍ കുറിച്ചു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും നന്ദിയെന്നും മഞ്ജു വാര്യര്‍ കുറിച്ചു