നമ്മുടെ ധീര ജവാന്മാരുടെ പോരാട്ടവീര്യം ഹിമാലയത്തോളം ഉയരത്തിലെത്തിയ ഐതിഹാസികമായ കാർഗില്‍ യുദ്ധത്തിന്റെ വിജയസ്മരണക്ക് അരനൂറ്റാണ്ട്. ഇന്ത്യൻ പ്രദേശങ്ങള്‍ കൈയടക്കാൻ പാക് സൈനിക ജനറല്‍മാരുടെ ബുദ്ധിയിലുദിച്ച അപകടകരമായ ആശയത്തെ അടപടലം തകർത്ത് അതിർത്തിമലകള്‍ സുരക്ഷിതമാക്കി പാകിസ്താന് വീണ്ടുമൊരു പരാജയം സമ്മാനിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചു.
രണ്ട് മാസം നീണ്ട ഓപറേഷൻ വിജയ് യുദ്ധത്തിനൊടുവില്‍ തോല്‍വിയുടെ അപമാനമേറ്റ് പാക് സൈന്യം പിൻവാങ്ങിയപ്പോള്‍ കാർഗില്‍ വിജയമെന്ന പുതിയൊരു യുദ്ധചരിത്രം കുറിക്കുകയായിരുന്നു ഇന്ത്യ. മൂന്നുമാസം നീണ്ടുനിന്ന യുദ്ധത്തില്‍ 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.
ദ്രാസിലെ കാർഗില്‍ യുദ്ധ രക്തസാക്ഷികളുടെ സ്മാരകം ഓപറേഷൻ വിജയ് വഴി 1999ല്‍ മേയ് എട്ടുമുതല്‍ ജൂലൈ 26 വരെ കശ്മീർ കാർഗിലിലെ ടൈഗർ ഹില്‍സിലും നിയന്ത്രണരേഖയിലുമായി നടന്നതാണ് ഐതിഹാസികമായ കാർഗില്‍ യുദ്ധം. ഓപറേഷൻ വിജയ് എന്ന ധീരോദാത്ത ദൗത്യത്തിലൂടെ ഇന്ത്യൻ സേന പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ടൈഗർ കുന്നുകള്‍ അടക്കം പിടിച്ചെടുത്തു.
കാർഗിലില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്മാർ ക്യാപ്റ്റൻ ജെറി പ്രേംരാജ്, ലാൻസ് നായിക് സജി കുമാർ, ലഫ്റ്റനന്റ് കേണല്‍ ആർ. വിശ്വനാഥൻ, 141 ഫീല്‍ഡ് റെജിമെന്റിലെ ക്യാപ്റ്റൻ പി.വി. വിക്രം, നാലാം ഫീല്‍ഡ് റെജിമെന്റിലെ സജീവ് ഗോപാലപിള്ള, പതിനെട്ടാം ഗഡ്വാള് റൈഫില്‍സിലെ ക്യാപ്റ്റന്‍ എം.വി. സൂരജ്, 11ാം രാജ്പുത്താനാ റൈഫിള്‍സിലെ ക്യാപ്റ്റൻ ഹനീഫുദീൻ, ലാൻസ് നായിക് വി.എം. രാധാകുമാർ, ലാൻസ് നായിക് ജോസ് ജയിംസ്, ലാൻസ് നായിക് കെ. അജികുമാർ, റൈഫിള്‍മാൻ അബ്ദുല്‍നാസർ, ഹവില്‍ദാർ ശിവകുമാർ, സുബേദാർ മോഹൻദാസ്. ഇതില്‍ എം.വി. സൂരജ്, ലഫ്റ്റനന്റ് കേണല്‍ ആര്. വിശ്വനാഥൻ, ക്യാപ്റ്റന്‍ ആര്.ജെറി പ്രേംരാജ്, സജീവ് ഗോപാലപിള്ള എന്നിവർക്ക് മരണാനന്തര ബഹുമതിയായി വീരചക്രം. ക്യാപ്റ്റന്‍ സാജു ചെറിയാൻ, പി.വി.വിക്രം ധീരതയ്ക്കുള്ള സേനാ മെഡല്‍.