കീം 2024: മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ഓപ്ഷൻ രജിസ്‌ട്രേഷൻ നിര്‍ബന്ധം

കീം 2024: മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ഓപ്ഷൻ രജിസ്‌ട്രേഷൻ നിര്‍ബന്ധം
alternatetext

തിരുവനന്തപുരം: എൻജിനിയറിങ് / ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമർപ്പിച്ച ഓപ്ഷനുകള്‍ മൂന്നാംഘട്ടത്തില്‍ പരിഗണിക്കില്ല. ഒന്നാംഘട്ട അലോട്ട്‌മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചു. ആയതിനാല്‍ എൻജിനിയറിങ് / ഫാർമസി കോഴ്‌സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവർ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതുവരെ അലോട്ട്‌മെന്റ് നടപടികളില്‍ പങ്കെടുക്കാത്തവർക്കും പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റർ ചെയ്ത് മൂന്നാംഘട്ട അലോട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമാണ്. മുൻ വർഷങ്ങളിലേതു പോലെ ഓപ്ഷൻ കണ്‍ഫർമേഷൻ മാത്രം നടത്തിയാല്‍ അലോട്ട്‌മെന്റിനായി പരിഗണിക്കുന്നതല്ല. ഓപ്ഷൻ രജിസ്‌ട്രേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.

ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ആർക്കിടെക്ചർ കോഴ്‌സിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് ആയതിനാല്‍ അവരുടെ ഹയർ ഓപ്ഷനുകള്‍ നിലനിർത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കണമെങ്കില്‍ വിദ്യാർത്ഥികള്‍ ആവശ്യമായ കോളേജുകള്‍ നിർബന്ധമായും സെലക്‌ട് ചെയ്ത് ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. ഇവർക്ക് ഓപ്ഷൻ രജിസ്‌ട്രേഷൻ ഫീ ബാധകമല്ല.

ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർത്ഥികള്‍ അവരുടെ Candidate Portal ല്‍ Application Number ഉം Password ഉം നല്‍കി ലോഗിൻ ചെയ്യേണ്ടതാണ്. ലോഗിൻ പേജില്‍ കാണുന്ന ‘Option Registration’ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ Fee Payment Page ലഭ്യമാകും. ബാധകമായ രജിസ്‌ട്രേഷൻ ഫീസ് വിവരങ്ങള്‍ ഈ പേജില്‍ നല്‍കിയിട്ടുണ്ട്. ആർക്കിടെക്ചർ മാത്രം ഓപ്ഷൻ നല്‍കുന്നവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. അവർക്ക് ‘Proceed’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് കണ്‍ഫർമേഷൻ പേജില്‍ പ്രവേശിക്കാവുന്നതാണ്.

എൻജിനിയറിങ് / ഫാർമസി / എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളില്‍ ഓപ്ഷൻ നല്‍കുന്നവർ ആവശ്യമായ ഫീസ് ഒടുക്കി കണ്‍ഫർമേഷൻ പേജില്‍ പ്രവേശിച്ച്‌ രജിസ്‌ട്രേഷന് പങ്കെടുക്കാവുന്നതാണ്. ഓപ്ഷൻ കണ്‍ഫർമേഷൻ പേജില്‍ നല്‍കിയിരിക്കുന്ന ‘CONFIRM’ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ലഭിക്കുന്ന ഓപ്ഷൻ രജിസ്‌ട്രേഷൻ പേജില്‍ വിദ്യാർത്ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിലെ ഇടതു പാനലില്‍ നല്‍കിയിട്ടുള്ള കോളേജ്/കോഴ്‌സ് സെലക്‌ട് ചെയ്യേണ്ടതും ഓപ്ഷൻ രജിസ്‌ട്രേഷൻ പേജിന്റെ വലതു പാനലില്‍ രജിസ്റ്റർ ചെയ്യപ്പെടുന്ന കോളേജ്/കോഴ്‌സ് മുൻഗണനാ ക്രമം അനുസരിച്ച്‌ ക്രമീകരിക്കേണ്ടതുമാണ്.

ക്രമീകരണം പൂർത്തിയായാല്‍ ‘SAVE’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ സേവ് ചെയ്യേണ്ടതാണ്. തുടർന്ന് option list ന്റെ പ്രിന്റ് എടുക്കുകയോ, സോഫ്റ്റ് കോപ്പി സൂക്ഷിക്കുകയോ ചെയ്യേണ്ടതും ആഗ്രഹിച്ച മുൻഗണനാ ക്രമം അനുസരിച്ചാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഈ ഘട്ടത്തില്‍ നല്‍കിയ ഓപ്ഷനുകള്‍ അനുസരിച്ച്‌ അലോട്ട്‌മെന്റ് ലഭിക്കുന്നവരുടെ നിലവിലുള്ള അലോട്ട്‌മെന്റ് (എഞ്ചിനീയറിംഗ്/ ഫാർമസി രണ്ടാംഘട്ടത്തിലെ അലോട്ട്‌മെന്റും, ആർക്കിടെക്ചറിന്റെ ഒന്നാംഘട്ടത്തിലെ അലോട്ട്‌മെന്റും) റദ്ദാകുന്നതാണ്. നിലവില്‍ എൻജിനിയറിങ് / ഫാർമസി / ആർക്കിടെക്ചർ പ്രവേശനത്തിലിരിക്കുന്ന വിദ്യാർത്ഥികള്‍ക്ക് എം.ബി.ബി.എസ് / ബി.ഡി.എസ് അലോട്ട്‌മെന്റ് ലഭിച്ചാല്‍ അവരുടെ എൻജിനിയറിങ് / ഫാർമസി / ആർക്കിടെക്ചർ അലോട്ട്‌മെന്റുകള്‍ റദ്ദാകുന്നതാണ്. പുതിയ അലോട്ട്‌മെന്റ് ലഭിച്ച കോളേജ്/കോഴ്‌സില്‍ വിദ്യാർത്ഥി പ്രവേശനം നേടേണ്ടതാണ്