സുജിത്ത് വീയപുരം
ഹരിപ്പാട് : വെള്ളപ്പൊക്കസമയത്തും,മഴയുള്ള ദിവസങ്ങളിലും മരണപ്പെടുന്നവരുടെ മൃതശരീരം മറവുചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം ഇല്ലെന്നപ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു.പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും മഴക്കാലമാകുന്നതോടുകൂടി ഉയർന്ന തോതിലുള്ള വെള്ളക്കെട്ട് പതിവാണ്.
ഹരിപ്പാട് നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളായ പിലാപ്പുഴ ,വാത്തുകുളങ്ങര,നെടുന്തറ,തുലാംപറമ്പ് വടക്ക്,പള്ളിപ്പാടിന്റെ താഴ്ന്ന പ്രദേശങ്ങളായ നീണ്ടൂർ , വഴുതാനം, പളളിപ്പാട് തെക്കേക്കര, വടക്കേക്കര, നാലുകെട്ടും കവല തുടങ്ങിയ പ്രദേശങ്ങളൊക്കെ തന്നെ വെള്ളക്കെട്ട് പ്രദേശങ്ങളാണ്. ഇവിടങ്ങളിൽ മഴക്കാലത്ത് ഏതെങ്കിലും വീടുകളിൽ മരണം നടന്നാൽ മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം സംസ്കരിക്കാൻ നാട്ടുകാരും ബന്ധുക്കളും ദിവസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം തന്നെ പള്ളിപ്പാട് ഭാഗത്ത് ഒരു മൃതദേഹം സംസ്ക്കരിക്കാനായി നാലുദിവസത്തോളം മോർച്ചറിയിൽസൂക്ഷിക്കേണ്ടി വന്നു.ഒഴുകിവന്ന വെള്ളം ഇറങ്ങാതെ വീട്ടിലേക്ക് എത്തിച്ചു മൃതദേഹം സംസ്കരിക്കാൻ ഉള്ള സാഹചര്യമല്ലായിരുന്നു നിലവിൽ ഉണ്ടായിരുന്നത്.പല സമയങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. സംസ്കാര ചടങ്ങുകൾക്ക് പലപ്പോഴും സ്ഥലമില്ലാതെ വരുമ്പോൾ വീടുകളുടെ തറ പൊളിച്ച് സംസ്കാര ചടങ്ങുകൾ നടത്തേണ്ടിയും വന്നിട്ടുണ്ട്.
ഇതിനൊക്കെ പരിഹാരമായി, നിലവിൽ പൊതുശ്മശാനമായി അറിയപ്പെടുന്ന ഹരിപ്പാട് പിലാപ്പുഴ ചൂരല്ലാക്കൽകുരീത്ര കുന്നിൽ ഗ്യാസ് ഉപയോഗിച്ച്പ്രവർത്തിക്കുന്നഒരു അത്യാധുനിക ഒരു വാതക ശ്മശാനം യാഥാർത്ഥ്യമാവുകയാണെങ്കിൽ പള്ളിപ്പാട് പഞ്ചായത്ത്, ഹരിപ്പാട് നഗരസഭ പരിധികളിലുള്ള നിരവധി ആളുകൾക്ക് പ്രയോജനപെപ്പെടുമായിരുന്നു.മരണപ്പെട്ടിട്ടും ദിവസങ്ങളോളം ഐസ് പെട്ടിയിൽ കിടക്കേണ്ടിവരുന്ന മൃതദേഹങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ പുണ്യ പ്രവർത്തിയായിരിക്കുമത്.
എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പൊതുശ്മശാനം വേണമെന്ന് ഉത്തരവ് ഉണ്ടായിട്ടും , ശ്മശാനം സ്ഥാപിക്കുവാനുള്ള നടപടികൾ മാത്രം എങ്ങുമെത്തിയിട്ടില്ല.ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് എത്രയും പെട്ടെന്ന് അത്യാധുനികവാതക ശ്മശാനം സജ്ജീകരിക്കണമെമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോൾ ഹരിപ്പാട് നിയോജകമണ്ഡലത്തിൽ ഇലട്രിക്കൽ ശ്മശാനത്തിനു അടുത്താഴ്ച ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് സ്ഥലം എം എൽ എ ആയ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ആദിത്യ ന്യൂസിനോട് പറഞ്ഞു.