കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
alternatetext

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും രാജ്ഭവനിലെത്തിയിരുന്നു. ഗണേഷ് കുമാര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആറ് മിനിട്ട് നീണ്ട ചടങ്ങില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. പുതിയ മന്ത്രിമാരും എ കെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്. ഇടത് മുന്നണിയുടെ മുൻ ധാരണപ്രകാരം മന്ത്രിസ്ഥാനത്ത് രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും നേരത്തെ രാജിവച്ചിരുന്നു.

ഇവര്‍ക്ക് പകരം കേരള കോണ്‍ഗ്രസ് ബിയുടെ കെബി ഗണേഷ് കുമാറിനെയും കോണ്‍ഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു. ആന്റണി രാജു വഹിച്ചിരുന്ന ഗതാഗതവകുപ്പ് മാത്രമാണ് ഗണേഷ് കുമാറിന് ലഭിച്ചത്.

ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ തീരുമാനം. കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷൻ വകുപ്പ് നല്‍കിയേക്കും. തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തേക്കും. കണ്ണൂരില്‍ നിന്നുള്ള നിയമസഭാ അംഗമാണ് രാമചന്ദ്രൻ കടന്നപ്പള്ളി