ബംഗാളില്‍ 51 ഡോക്ടര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ബംഗാളില്‍ 51 ഡോക്ടര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
alternatetext

കൊല്‍ക്കത്ത: വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കല്‍ കോളജിലെ 51 ഡോക്ടർമാർക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബുധനാഴ്ച അന്വേഷണ കമീഷൻ മുമ്ബാകെ ഹാജരാകണമെന്നും മെഡിക്കല്‍ കോളജ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.ജി കർ ഹോസ്പിറ്റല്‍ സ്പെഷല്‍ കൗണ്‍സില്‍ കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നോട്ടീസ്.

ഭീഷണിപ്പെടുത്തല്‍, സ്ഥാപനത്തിെന്റ ജനാധിപത്യ അന്തരീക്ഷം തകർക്കല്‍ എന്നിവയാണ് ഡോക്ടർമാർക്കെതിരായ കുറ്റം. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സീനിയർ റസിഡന്റുമാർ, ഇന്റേണുകള്‍, പ്രഫസർമാർ എന്നിവർ നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം, ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം ജോലിയില്‍ തിരികെ പ്രവേശിക്കാൻ സുപ്രീംകോടതി നിർദേശിച്ചെങ്കിലും സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും രാജിവെക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് ജൂനിയർ ഡോക്ടർമാരുടെ നിലപാട്.

ഡോക്ടർമാർ ജോലിയില്‍ പ്രവേശിച്ചാല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനല്‍കിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ സുപ്രീംകോടതി നിർദേശം നല്‍കിയത്. അതിനിടെ, പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിെന്റ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സ്വാസ്ത്യ ഭവനിലേക്ക് ജൂനിയർ ഡോക്ടർമാർ മാർച്ച്‌ നടത്തി.

ചൂലുകളുമേന്തി നടത്തിയ മാർച്ചില്‍ നൂറുകണക്കിന് ഡോക്ടർമാർ പങ്കെടുത്തു. ചർച്ചക്കുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ക്ഷണം സമരത്തിലുള്ള ഡോക്ടർമാർ തള്ളി. പത്ത് പേരില്‍ കൂടാത്ത ഡോക്ടർമാരുടെ പ്രതിനിധി സംഘവുമായി സെക്രട്ടേറിയറ്റില്‍വെച്ച്‌ സർക്കാർ പ്രതിനിധികള്‍ ചർച്ച നടത്തുമെന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍, സന്ദേശത്തിലെ ഭാഷ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച്‌ ഡോക്ടർമാർ ക്ഷണം നിരസിക്കുകയായിരുന്നു.