തൃക്കാക്കരയില്‍ എൻ സി സി ക്യാമ്ബില്‍ ഭക്ഷ്യവിഷബാധ; 100 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

തൃക്കാക്കരയില്‍ എൻ സി സി ക്യാമ്ബില്‍ ഭക്ഷ്യവിഷബാധ; 100 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
alternatetext

കൊച്ചി: തൃക്കാക്കരയില്‍ എൻ.സി.സി ക്യാമ്ബില്‍ പങ്കെടുത്ത 100 വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്ബൗണ്ടില്‍ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്ബിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്ബില്‍ കയറ്റാതെ ഗേറ്റുകള്‍ പൂട്ടിയതും ലൈറ്റുകള്‍ ഓഫാക്കിയതും വിവരങ്ങള്‍ നല്‍കാത്തതും വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് രാത്രി 11 മണിയോടെ രക്ഷാകർത്താക്കള്‍ ഗേറ്റുകള്‍ തകർത്ത് അകത്ത് കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

സംഭവത്തെ തുടർന്ന് ക്യാമ്ബ് അവസാനിപ്പിച്ചു. ഒമ്ബതാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള ജില്ലയിലെ 21കേരള ബറ്റാലിയനിലെ 600 കുട്ടികളാണ് ക്യാമ്ബിലുണ്ടായിരുന്നത്. 200 പേർ വിദ്യാർത്ഥിനികളാണ്. ഇന്നലെ വൈകിട്ട് ഛർദിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോയത്. 75ലധികം പേരെ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർ സണ്‍റൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രാത്രി തന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കുട്ടികള്‍ക്ക് ഭക്ഷണം തയ്യാറാക്കിയ കോളേജിലെ പാചകശാല പരിശോധിച്ച്‌ സാമ്ബിളുകള്‍ ശേഖരിച്ചു.

എൻ.സി.സി. ഓഫീസർമാർ രക്ഷിതാക്കളോടും പൊലീസിനോടും സംസാരിക്കാൻ തയ്യാറായില്ല. സീനിയർ എൻ.സി.സി. വിദ്യാർത്ഥികളാണ് പ്രശ്നമുണ്ടായപ്പോള്‍ ഇടപെട്ടുകൊണ്ടിരുന്നത്. ക്യാമ്ബ് തുടങ്ങിയ അന്ന് തന്നെ കുട്ടികളുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ അധികൃതർ വാങ്ങി വച്ചിരുന്നു. ഭക്ഷണവും വെള്ളവും മോശമാണെന്ന് പരാതി പറഞ്ഞപ്പോള്‍ അധികൃതർ ഗൗനിച്ചില്ലെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.