മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പാലാന്പട്ട ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തവും പിഴയും വിധിച്ചു. അച്ചിപ്ര റഷീദിനെയാണ് (32) ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. 2011 ജൂണ്‍ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്ബലം അക്ഷര കോളനിയിലെ ഫാത്തിമ(48)യെ റഷീദ് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം ഫാത്തിമയുടെ വീട്ടിലെത്തിയ റഷീദ് ഉറങ്ങി കിടക്കുകയായിരുന്ന ഇവരെ കരിങ്കല്ലുകൊണ്ട് കുത്തുകയും കൊടുവാള് കൊണ്ട് വെട്ടുകയുമായിരുന്നു. പ്രാണരക്ഷാര്‍ഥം പുറത്തേക്കോടിയ ഫാത്തിമയെ അയല്‍വാസിയായ സ്ത്രീയുടെ വീടിന്റെ വരാന്തയില്‍ വെച്ചും റഷീദ് വെട്ടി. കഴുത്തിലും ശരീരത്തിലും കൈകാലുകളിലും വെട്ടേറ്റ ഫാത്തിമ മരിച്ചു. ഫാത്തിമയും റഷീദിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുസംബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.