ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാൾ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിൽ

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാൾ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസിന്റെ പിടിയിൽ
alternatetext

ഇരുപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ആറ്റോരം സ്വദേശി സെബിൻ ജോസഫാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്നുമാണ് കള്ളനോട്ട് കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വണ്ടിപ്പെരിയാറിലും സമീപത്തെ തോട്ടം മേഖലയിലുള്ള കടകളിലും മറ്റും കള്ളനോട്ട് എത്തുന്നതായി പീരുമേട് ഡിവൈഎസ്പിക്ക് വിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സെബിൻ ജോസഫ് പിടിയിലായത്.

വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൈമുക്ക് ആറ്റോരത്തുള്ള സെബിൻ ജോസഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. 500 രൂപയുടെ 44 കള്ളനോട്ടുകളാണ് ഇയാളുടെ കിടപ്പുമുറിയില്‍ മൊബൈല്‍ കവറിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടിലെ ചെന്നെെയില്‍ നിന്ന് നോട്ടിരട്ടിപ്പ് സംഘത്തിന് ഇരുപതിനായിരം രൂപ കൊടുത്ത് നാല്‍പ്പതിനായിരം രൂപ വാങ്ങിയതാണെന്ന് സെബിൻ പോലീസിനോട് പറഞ്ഞു. ബാക്കി നോട്ടുകള്‍ പലയിടത്തായി ചിലവഴിച്ചു.

എസ്ബിഐയുടെ വണ്ടിപ്പെരിയാര്‍ ശാഖയില്‍ കഴിഞ്ഞ ദിവസം നിക്ഷേപിക്കാനായി എത്തിച്ച പണത്തില്‍ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സെബിന് മുൻപും പലതരത്തിലുള്ള നിയമ വിരുദ്ധ ഇടപാടുകള്‍ ഉള്ളതായും പോലീസ് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും