ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: ആര്‍ച്ച്‌ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം: ആര്‍ച്ച്‌ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
alternatetext

ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊര്‍ജ്ജിതമായ നയതന്ത്ര ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.

യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന് കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വച്ച്‌ ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇറാന്‍ സൈന്യത്തിന്റെ നടപടി. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റി. കപ്പലിലെ വാര്‍ത്താവിനിമയ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല.

ഫുജൈറയ്ക്ക് സമീപത്തുവച്ച്‌ ഹെലി കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ ഇറാന്റെ സൈനികര്‍ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. കപ്പലില്‍ മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു