ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍

ഇന്ന് മുതൽ രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍
alternatetext

ബ്രീട്ടീഷ് മേധാവിത്വ കാലത്ത് ആരംഭിച്ചതും 164 വർഷത്തിലേറെ പഴക്കമുള്ളതുമായ ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ഇന്ന് നിലവില്‍ വരിക. ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയാണ് ഇന്നത്തോടെ ഇല്ലാതാവുന്ന നിയമങ്ങള്‍. ഇല്ലാതാകുന്ന മൂന്ന് നിയമങ്ങള്‍ക്ക് പകരം ഭാരതീയ നഗ്രിക് സുരക്ഷാ സംഹിത (ബി എൻ എസ് എസ്), ഭാരതീയ ന്യായ സംഹിത (ബി എൻ എസ് ) ഭാരതീയ സാക്ഷ്യ അധീനിയം (ബി എസ് എ) തുടങ്ങിയവയാണ് നടപ്പില്‍ വരുന്ന പുതിയ നിയമങ്ങള്‍.

നേരത്തെ 511 സെക്ഷനുകളുണ്ടായിരുന്നിടത്ത് ഇനി 356 സെക്ഷനുകളാണ് ഈ വിഭാഗത്തില്‍ ഉണ്ടാകുക. നിലവിലെ 175 വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ടെന്ന് നിയമഭേദഗതി ബില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ കഴിഞ്ഞ വർഷം ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ലോക്സഭയില്‍ പറഞ്ഞു. 19-ാം നൂറ്റാണ്ട് മുതലുള്ള പഴയ നിയമങ്ങള്‍ അടിമത്വത്തിന്റെ പ്രതീകമായിരുന്നു. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ നിയമങ്ങള്‍ പരിഷ്കരിച്ചതെന്നും അമിത് ഷാ അന്ന് വ്യക്തമാക്കി.

പുതിയ നിയമങ്ങള്‍ സംബന്ധിച്ച ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തില്‍ നിയമങ്ങള്‍ വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനക്കു വിടണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയെങ്കിലും സർക്കാർ അതിന് വഴങ്ങിയില്ല. രാജ്യദ്രോഹക്കുറ്റവും തീവ്രവാദക്കുറ്റവും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

രാജ്യദ്രോഹ കുറ്റം ഇനിമുതല്‍ ഉണ്ടാവില്ലെങ്കിലും രാജ്യത്തിന്റെ ഐക്യം, സുരക്ഷ, അഖണ്ഡത, സാമ്ബത്തിക സുരക്ഷ എന്നിവയില്‍ രാജ്യത്തെ വെല്ലുവിളിക്കണമെന്ന ലക്ഷ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ഇനിമുതല്‍ ഭീകരവാദക്കുറ്റമായിരിക്കും. പൊതുപ്രവർത്തകർ വധിക്കുന്നത്, വധശ്രമം എന്നിവയ്ക്ക് പുറമെ നോട്ട് നിര്‍മാണം, കടത്തല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നിവയും ഭീകരവാദത്തിന്റെ പരിധിയില്‍ വരും. ഈ കുറ്റങ്ങളില്‍ ഏർപ്പെട്ടവർക്ക് സ്വത്ത് കണ്ടുകെട്ടല്‍, വധശിക്ഷ, പരോള്‍ ഇല്ലാത്ത തടവ് എന്നിവയായിരിക്കും ശിക്ഷ.

ആള്‍ക്കൂട്ടക്കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ പരിധിയില്‍ വരുമെങ്കിലും ആള്‍ക്കൂട്ടക്കൊലപാതകം, വിദ്വേഷകുറ്റകൃത്യങ്ങള്‍ എന്നിവയെ കൊലപാതകക്കേസുകളിലെ പ്രത്യേക വിഭാഗമാക്കിയാകും ഇനിമുതല്‍ പരിഗണിക്കുക. രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളിലും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുകയും അന്വേഷണം മാസത്തിനുള്ളില്‍ തീർക്കുകയും വേണം. വിചാരണ പൂർത്തിയായാല്‍ 0 ദിവസത്തിനകം വിധി പറയുകയും വേണം.

സാമ്ബത്തിക കുറ്റകൃത്യങ്ങളിലെ പ്രതികകളെ കൈവിലങ്ങ് ചാർത്താന്‍ പാടില്ല. മദ്യപിച്ചു പ്രശ്നമുണ്ടാക്കല്‍, അപകീര്‍ത്തി തുടങ്ങിയ പെറ്റിക്കേസുകളില്‍ ശിക്ഷയായി സാമുഹിക സേവനവും പുതിയ നിയമത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളിലും പരിഷ്കാരം വരുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന കൂട്ടപീഡനത്തില്‍ വധശികഷയോ ജീവപര്യന്തമോ ആയിരിക്കും ശിക്ഷ. പീഡനക്കേസുകളില്‍ 10 വര്‍ഷത്തില്‍ കുറയാതെ കഠിനതടവും പിഴയുമായിരിക്കും ശിക്ഷ. വധശിക്ഷക്ക് പരമാവധി ഇളവ് ജീവപര്യന്തം, ജീവപര്യന്തം ശിക്ഷയെ 7 വര്‍ഷം വരെ തടവുശിക്ഷയാക്കി കുറയ്ക്കുകയും ചെയ്യും.

എഴുത്ത്, സംസാരം, ആംഗ്യം, ഇലക്‌ട്രോണിക് മാധ്യമം എന്നിവ വഴിയുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാം. ജുലൈ ഒന്ന് മുതല്‍ രജിസ്റ്റർ ചെയ്യുന്ന കേസുകള്‍ക്കായിരിക്കും പുതിയ നിയമം ബാധകമായിരിക്കുക. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും തുടർ നടപടിയും ശിക്ഷയും.