തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈൻ ആയി നടത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഓണ്‍ലൈനായി എൻജിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തികള്‍ ഈ വര്‍ഷം തന്നെ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരം തമ്ബാനൂരിലെ കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
കൂടുതല്‍ സൗകര്യത്തോടെയും സജ്ജീകരണങ്ങളോടെയും എല്ലാവര്ക്കും എളുപ്പം എത്തിച്ചേരാവുന്ന ഇടത്തിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് മാറിയതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏഴ് പ്രവേശന പരീക്ഷകളും 14 കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് നടപടികളും കൈകാര്യം ചെയ്യുന്ന പ്രധാന ഓഫീസാണ് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ്. 1983 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസ് സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയായിരുന്നു. ഇതിനാലാണ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും എളുപ്പം എത്തിച്ചേരാവുന്ന വിധം തമ്ബാനൂരില്‍, തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത്, കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു.
കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് 9,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ പുതിയ ഓഫീസ്. നാല് കോടിയില്‍പ്പരം രൂപ ചെലവിട്ട പുതിയ ഓഫീസ് തയാറാക്കിയത് യു.എല്‍.സി.സി.എസ് ആണ്. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റരീതിയില്‍ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ പരമാവധി ശ്രദ്ധിക്കുന്നതെന്നും വിദ്യാര്‍ഥി സൗഹൃദമാണ് എല്ലായ്പ്പോഴും പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്റെ മുഖമുദ്രയെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ ഇന്റെഗ്രേറ്റഡ് ഗ്രീവൻസ് റിഡ്രസല്‍ ആൻഡ് ഹെല്പ്പ്ലൈൻ ഇൻഫര്‍മേഷൻ സിസ്റ്റം ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഐടി മിഷൻ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പരിപാടിയില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ ഏതു ഭാഗത്തു നിന്നുള്ള വിദ്യാര്‍ഥിക്കും മാതാപിതാക്കള്‍ക്കും ട്രെയിൻ വഴിയും ബസ് വഴിയും എളുപ്പത്തില്‍ എത്തിപ്പെടാൻ കഴിയുന്ന സ്ഥലത്താണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ ഓഫീസെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രവേശന പരീക്ഷാ കമ്മീഷണര്‍ അരുണ്‍ കെ വിജയൻ, ഫിനാൻസ് ഓഫീസര്‍ റാൻസം ഷിമ്മി കെ. ഇ, ജോയിന്റ് കമ്മീഷണര്‍ ബേബി സൈല എല്‍ എന്നിവര്‍ സംസാരിച്ചു.