മുസ്‌ളീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹ ബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്ബിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനാലകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്‌ളോറിങ്ങ്, ഫിനിഷിങ്ങ്, പ്ലംബിങ്ങ്, സാനിറ്റേഷന്‍, ഇലക്‌ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്.
ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50000 രൂപയാണ് ധനസഹായം ലഭിക്കുക. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകരുടെ വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല. അപേക്ഷക കൂടുംബത്തിലെ ഏക വരുമാനദായിക ആയിരിക്കണം. ബി.പി.എല്‍ കുടുബംത്തിന് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക, മാനസിക വൈകല്യങ്ങള്‍ നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍ തുടങ്ങിയവര്‍ക്കും ധനസഹായം അനുവദിക്കുന്നതിന് മുന്‍ഗണന ലഭിക്കും.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്ബ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2023-24 സാമ്ബത്തിക വര്‍ഷത്തെ ഭൂമിയുടെ നികുതി അടച്ച രസീതന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോയൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണെന്ന് തെളിയികുന്നതിനും വില്ലേജ് ഓഫീസറോ തദ്ദേശ സ്ഥാപന അസിസ്റ്റന്റ് എഞ്ചിനീയറോ ബന്ധപ്പെട്ട അധികാരികളോ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
മറ്റു സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും ഭവന നിര്‍മ്മാണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ പത്ത് വര്‍ഷ കാലയളവില്‍ ധനസഹായം ലഭിച്ചിട്ടില്ലെന്ന തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറില്‍ നിന്നോ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം. ജൂലൈ 31 വരെ അപേക്ഷകള്‍ സ്വീകരിക്കും. കളകട്രേറ്റ് ന്യൂനപക്ഷ ക്ഷേമ സെല്ലില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കളക്ടറേറ്റ് , വയനാട് എന്ന വിലാസത്തിലേ അപേക്ഷകള്‍ അയക്കാം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.ഫോണ്‍ 04936 202251