ഏലപ്പുള്ളി സഞ്ജിത്ത് വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷയും വിടുതൽ ഹർജിയും കോടതി തള്ളി

ഏലപ്പുള്ളി സഞ്ജിത്ത് വധക്കേസ് : പ്രതികളുടെ ജാമ്യാപേക്ഷയും വിടുതൽ ഹർജിയും കോടതി തള്ളി
alternatetext

ആർഎസ്എസ് പ്രവർത്തകനായ പാലക്കാട് ഏലപ്പുള്ളി എ. സഞ്ജിത്തിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഫയൽ ചെയ്യുക ജാമ്യാപേക്ഷയും വിടുതൽ ഹർജിയും തള്ളി പാലക്കാട് അഡിഷണൽ സെഷൻസ് ജഡ്ജി ആർ വിനായക റാവു ഉത്തരവിട്ടു.

കേസിലെ പ്രതികളായ ജിഷാദ്. സിറാജുദ്ദീൻ എന്നിവരാണ് കേസിൽ തങ്ങൾ നിരപരാധികൾ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ജാമ്യ ഹർജി ഫയൽ ചെയ്തത്. കൂടാതെ മറ്റൊരു പ്രതിയായ സെയ്ത് മുഹമ്മദ് ആഷിക്ക് തനിക്കെതിരെ തെളിവുകൾ ഇല്ലയെന്നും അതുകൊണ്ടുതന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിടുതൽ ഹർജിയും, കേസിലെ മറ്റു പ്രതികളും നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരുന്നവരുമായ അബ്ദുൽസലാം, ഇൻസ് മുഹമ്മദ് ഹഖ്, മുഹമ്മദ് ഹാറൂൺ എന്നിവർ ജയിലിൽ തങ്ങൾക്ക് താടി വളർത്തൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു ഹർജിയും ഫയൽ ചെയ്തിരുന്നു.

അത്യന്തം രഹസ്യാത്മക സ്വഭാവത്തോടെ, തീവ്രവാദ പരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പോപ്പുലർ ഫ്രണ്ട്, ആക്രമിക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുവാനും അവരെ പിന്തുടരുവാനും മറ്റുമായി റിപ്പോർട്ടർ എന്ന പേരിൽ ആളുകളെ നിയോഗിച്ചിരുന്നു എന്നും ഇപ്രകാരം താഴെ തട്ടുമുതൽ സംസ്ഥാനതലത്തിൽ വരെ റിപ്പോർട്ടർമാരായി പ്രവർത്തിച്ചിരുന്ന പ്രതികൾ കേസിൽ കൊലചെയ്യപ്പെട്ട സഞ്ജിത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് കൊലപാതകത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങളും ഗൂഢാലോചനയും നടത്തിയതായും കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ വാദിച്ചു.

കൂടാതെ കേസിലെ പ്രതിയും പോപ്പുലർ ഫ്രണ്ടിൻ്റെ പാലക്കാട് ജില്ലാ റിപ്പോർട്ടർ എന്ന ചുമതലയിൽ പ്രവർത്തിച്ചുവന്നിരുന്ന ആളുമായ സെയ്ദ് മുഹമ്മദ് ഹാഷിക്ക്, സഞ്ജിത്തിനെ കൊലപ്പെടുത്തുന്ന ക്രൂരമായ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നതിനായി കേസിലെ മറ്റൊരു പ്രതിയായ നൗഫലിനെ ചുമതലപ്പെടുത്തിയെന്നത് കേസിൽ പാലക്കാട് എ എസ് പി എ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി എന്നുള്ളത് സമാനതകളില്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങൾ സജ്ഞിത്തിനെ കൊല ചെയ്യുന്നതിനായി പ്രതികൾ നടത്തി എന്നതിന് തെളിവാണ് എന്നുള്ള വാദവും കോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തി.

കൂടാതെ കേസിലെ പ്രതികൾക്ക് ജയിലിൽ താടി വളർത്താൻ അനുവദിക്കണമെന്നുള്ള അപേക്ഷയെയും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തിരിച്ചറിയൽ പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാകുമ്പോൾ സാക്ഷികൾക്ക് ആശയക്കുഴപ്പമുണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെ പ്രതികൾക്ക് രൂപമാറ്റം ഉണ്ടാക്കുക എന്നുള്ള ഉദ്ദേശത്തിലാണ് ഈ ഹർജി ഫയർ ചെയ്തിരിക്കുന്നത് എന്നുള്ള വാദവും പ്രോസിക്യൂട്ടർ കോടതിയിൽ ഉയർത്തി. ഈ വാദങ്ങളെല്ലാം മുഖവിലക്ക് എടുത്തുകൊണ്ടാണ് കോടതി പ്രതികൾ ഫയൽ ചെയ്ത ഹർജികൾ തള്ളിക്കളഞ്ഞിട്ടുള്ളത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്. പ്രതികൾക്ക് എതിരായ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി പ്രതികളെ ഡിസംബർ 18ന് കോടതിയിൽ നേരിട്ട് ഹാജരാക്കുവാൻ ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.