ന്യൂഡല്‍ഹി ഏക സിവില്‍ കോഡിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നാലു മന്ത്രിമാര്‍ അടങ്ങിയ സമിതി രൂപീകരിച്ചു. ഗോത്രവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ കിരണ്‍ റിജിജു പരിശോധിക്കും. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്മൃതി ഇറാനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജി കിഷൻ റെഡ്ഡിയും പരിഗണിക്കും. നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ചുമതല നിയമമന്ത്രി അര്‍ജുൻറാം മേഘ്വാളിനാണ്.
വ്യാഴാഴ്ച മന്ത്രിമാരുടെ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനരീതിയും നടപടിക്രമങ്ങളും ചര്‍ച്ച ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ കഴിഞ്ഞദിവസം മന്ത്രി കിരണ്‍ റിജിജുവിനെ സന്ദര്‍ശിച്ചത്. ഏക സിവില്‍ കോഡ് ഇന്ത്യയെന്ന ആശയത്തിന് എതിരാണെന്ന് സാങ്മ നേരത്തേ പ്രതികരിച്ചിരുന്നു.
മിസോറം മുഖ്യമന്ത്രി നേരത്തേ ഏക സിവില്‍ കോഡിന് എതിരെ നിയമകമീഷന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍, വടക്കുകിഴക്കൻ മേഖലയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാകും സമിതിയുടെ പ്രധാന ദൗത്യം. മന്ത്രിമാരുടെ സമിതി പ്രധാനമന്ത്രിക്ക് ഉടൻ റിപ്പോര്‍ട്ട് കൈമാറും