കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി

കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനവുമായി കെ-റെയില്‍ വിരുദ്ധ സമരസമിതി
alternatetext

കോഴിക്കോട്: കെ-റെയിലിനായി കേന്ദ്രം സനദ്ധത അറിയിച്ചതിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ-റെയില്‍ വിരുദ്ധ സമരസമിതി. കെ-റെയിലിന് അനുമതി നല്‍കരുതെന്നാണ് സമിതിയുടെ ആവശ്യം. റെയില്‍വേ മന്ത്രിയുടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്താൻ വരവേയാണ് നിവേദനം നല്‍കിയത്.

കെ-റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. കേരളം പാരിസ്ഥിതികവും , സാങ്കേതികവുമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പുതിയ നിർദ്ദേശം മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ കെ-റെയിലുമായി മുന്നോട്ടു പോകാൻ റെയില്‍വേ സന്നദ്ധമാണെന്നാണ് റെയില്‍വേ മന്ത്രി തൃശൂരില്‍ പറഞ്ഞത്.

പുതിയ ഡിപിആർ മുന്നോട്ട് വെക്കണമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞതോടെ വെട്ടിലായിരിക്കുകയാണ് കെ-റെയിലിനെ അതിരൂക്ഷമായി വിമർശിച്ച ബിജെപി സംസ്ഥാന ഘടകം. മുഖ്യമന്ത്രി കെ-റെയിലുമായുള്ള ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വെച്ച്‌ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ശബരി പാതയെക്കുറിച്ചും കേരളം ആവശ്യപ്പെട്ട കൂടുതല്‍ മെമു ട്രെയിനുകളെക്കുറിച്ചും മന്ത്രി സംസാരിച്ചു. കൂടുതല്‍ മെമു ട്രെയിനുകളുടെ നിർമാണപ്രവർത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണം പൂർത്തിയായാല്‍ ഏറ്റവുമധികം പരിഗണിക്കാൻ പോവുന്നത് കേരളത്തെയാണെന്നും റെയില്‍വേ മന്ത്രി കൂട്ടിച്ചേർത്തു.