ഇടതു സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 

ഇടതു സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
alternatetext

തിരുവനന്തപുരം: ഇടതു സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധം പ്രതിഫലിക്കും. കഴിഞ്ഞ ഏഴരക്കൊല്ലക്കാലമായി ഈ ജനവിരുദ്ധ സര്‍ക്കാരിനെ സഹിച്ച ജനങ്ങള്‍ അവരുടെ മനസ്സില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് സര്‍ക്കാരല്ല കൊള്ളക്കാരാണ് എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഡി സതീശന്‍ പറഞ്ഞു.

അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുപോയ പിണറായി സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങള്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ കൊള്ള ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ കൊണ്ടു വന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ വൈദ്യുതി കരാര്‍ പിണറായി സര്‍ക്കാര്‍ റദ്ദാക്കി. ഒരു യൂണിറ്റിന് 4.27 പൈസ എന്ന നിരക്കിലായിരുന്ന പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് റദ്ദു ചെയത് ഈ സര്‍ക്കാര്‍ വാങ്ങിയത് ഏഴു രൂപയ്ക്കാണ്. ഇത് കാരണം കഴിഞ്ഞ നാലുമാസക്കാലം കൊണ്ട് 750 കോടി രൂപയുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. വന്‍കിട കൊള്ള നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പവര്‍പര്‍ച്ചേസ് റദ്ദാക്കിയതിന് പിന്നിലെന്നും വിഡി സതീശന്‍ ആരോപിച്ചു.

ഒരു ഭരണ നേട്ടമെങ്കിലും പറയാൻ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചു. ഇത്രയും മോശപ്പെട്ട സര്‍ക്കാര്‍ ചരിത്രത്തിലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഈ ഓണക്കാലത്ത് മാവേലി സ്‌റ്റോറില്‍ ഒരു സാധനവും ഉണ്ടായിരുന്നില്ല. സിവില്‍ സപ്ലൈസിന് ആയിരക്കണക്കിന് കോടിയുടെ ബാദ്ധ്യതയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് യുഡിഎഫ് നേതാക്കള്‍ അടക്കമുള്ളവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു