എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്റ്ററുടെ കാലാവധി നീട്ടിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്റ്ററുടെ കാലാവധി നീട്ടിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി.
alternatetext

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. കാലാവധി രണ്ടാമതും നീട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും ഈ മാസം 31 വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇ.ഡിക്ക് പുതിയ തലവനെ കണ്ടെത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2018 നവംബറിലാണ് മിശ്രയെ രണ്ടുവര്‍ഷത്തേക്ക് ഇ.ഡി. ഡയറക്ടറായി നിയമിച്ചത്. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ്സായതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രായമായി. എന്നാല്‍, മിശ്രയുടെ കാലാവധി രണ്ടില്‍നിന്ന് മൂന്നുവര്‍ഷമാക്കി രാഷ്ട്രപതി ദീര്‍ഘിപ്പിച്ചതായി വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ 2020 നവംബര്‍ 13-ന് ഓഫീസ് ഉത്തരവിറക്കി. ഇതിനെതിരേ സന്നദ്ധസംഘടനയായ കോമണ്‍ കോസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സമയം നല്‍കിയ നടപടി 2021 സെപ്റ്റംബറില്‍ സുപ്രീംകോടതി ശരിവെച്ചെങ്കിലും വീണ്ടും നീട്ടിനല്‍കരുതെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമം ഭേദഗതിചെയ്യാൻ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനൻസിറക്കിക്കൊണ്ട് ഇ.ഡി. ഡയറക്ടറുടെ കാലാവധി അഞ്ചുവര്‍ഷംവരെയാക്കി. അതിനെതിരായ ഹര്‍ജികളിലും കേന്ദ്രം നേരത്തേ മറുപടി നല്‍കിയിരുന്നു. ഇ.ഡി. പോലുള്ള ഏജൻസികള്‍ക്ക് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളാണ് ചെയ്യേണ്ടത്. അതിനാല്‍ ഇ.ഡി.യെ നയിക്കുന്നവര്‍ക്ക് രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ കാലാവധി ആവശ്യമാണെന്ന് കേന്ദ്രം പറഞ്ഞു. തുടര്‍ന്നാണ് 2022 നവംബര്‍ 17-ന് മിശ്രയ്ക്ക് വീണ്ടും ഒരു വര്‍ഷംകൂടി കാലാവധി നീട്ടിയത്.