സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു
alternatetext

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്കരിച്ചു. കാർ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടില്‍ ഇനി ‘H’ എടുത്താല്‍ മാത്രം മതിയാകില്ല. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങള്‍ക്കും വൈദ്യുതവാഹനങ്ങള്‍ക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റില്‍ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാല്‍പ്പാദങ്ങള്‍ കൊണ്ട് ഗിയർ മാറ്റുന്ന വാഹനങ്ങള്‍ നിർബന്ധമാക്കി. പരിഷ്കാരം സംബന്ധിച്ച ഉത്തരവ് ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി.

മാറ്റങ്ങള്‍ മേയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഉത്തരവിലെ നിർദേശങ്ങള്‍ ഗിയറുള്ള ഇരുചക്രവാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിന് കാല്‍പ്പാദം കൊണ്ട് ഗിയർ മാറ്റുന്ന തരത്തിലുള്ളതും 95 സി.സിയ്ക്ക് മുകളില്‍ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കണം. കൈകള്‍ കൊണ്ട് ഗിയർ മാറ്റുന്ന തരം ഇരുചക്ര വാഹനങ്ങള്‍ കൊണ്ട് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ പാടില്ല. മോട്ടോർ സൈക്കിള്‍ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹനഗതാഗതമുള്ള റോഡില്‍ നടത്തണം. ഗ്രൗണ്ടില്‍ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും.

ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തി. നിലവില്‍ 15 വർഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മെയ് ഒന്നിന് മുമ്ബായി ഒഴിവാക്കി പകരം വാഹനങ്ങള്‍ ഏർപ്പെടുത്തണം. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിലുള്ള ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങളോ വൈദ്യുതവാഹനങ്ങളോ ഉപയോഗിക്കാൻ പാടില്ല. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റില്‍ ആംഗുലാർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തണം.

ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിലെ ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോഡ് ചെയ്യാനുള്ള ഡാഷ് ബോർഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി) എന്നിവ ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത മെമ്മറി കാർഡിലെ ഡാറ്റ എം.വി.ഐ. ഓഫീസ് കമ്ബ്യൂട്ടറിലേക്ക് മാറ്റിയ ശേഷം കാർഡ് തിരികെ നല്‍കണം. ഡാറ്റ മൂന്ന് മാസത്തേക്ക് ഓഫീസില്‍ സൂക്ഷിക്കണം.

ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും ചേർന്ന് പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമാകും. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം പത്തില്‍ കുറവാണെങ്കില്‍ കുറവുവരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച്‌ ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നല്‍കാം. 30-ല്‍ കൂടുതല്‍ ടെസ്റ്റ് ഒരു ദിവസം നടത്തിയാല്‍ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകും. ലേണേഴ്സ് ടെസ്റ്റിന് അനുവദിക്കാവുന്നവരുടെ എണ്ണം ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി നിജപ്പെടുത്തണം.

ലൈറ്റ് മോട്ടോർ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റ് കമ്ബ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ട്രാക്കില്‍ നടക്കുന്ന ഇടങ്ങളില്‍ ആംഗുലാർ പാർക്കിങ്, പാരലല്‍ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളോ സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളോ അംഗീകാരം നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന മോട്ടോർ മെക്കാനിക്ക് അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർ മാത്രമേ ഡ്രൈവിങ് സ്കൂളുകളില്‍ പരിശീലനം നല്‍കാൻ പാടുള്ളൂ.