ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും

ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും
alternatetext

ന്യൂഡല്‍ഹി: ഡോ. വി. നാരായണൻ ഐ.എസ്.ആർ.ഒ.യുടെ പുതിയ ചെയർമാനാകും. നിലവില്‍ തിരുവനന്തപുരം, വലിയമല ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറാണ്. ബഹിരാകാശവകുപ്പ് സെക്രട്ടറി, ബഹിരാകാശ കമ്മിഷൻ ചെയർമാൻ എന്നീ ചുമതലകളുമുണ്ടാകും. രണ്ടുവർഷത്തേക്കാണ് നിയമനം.

നാഗർകോവില്‍ സ്വദേശിയാണ്. ഡോ. എസ്. സോമനാഥ് സ്ഥാനമൊഴിയുന്ന 14-ന് ചുമതലയേല്‍ക്കും. ജി.എസ്.എല്‍.വി. മാർക്ക്് മൂന്നിന്റെ സി25 ക്രയോജനിക് പ്രോജക്‌ട് ഡയറക്ടറായിരുന്നു. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷൻ വിദഗ്ധനാണ് അദ്ദേഹം.ഇസ്രോയുടെ വിവിധ ദൗത്യങ്ങള്‍ക്കായി ഡോ. വി. നാരായണന്റെ നേതൃത്വത്തില്‍ ഇതുവരെ 183 എല്‍പിഎസ്‍സി പവർ പ്ലാൻ്റുകളാണ് നിർമിച്ചത്. രാജ്യത്തിന്റെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം 3യുടെ C25 ക്രയോജനിക് പ്രൊജക്‌ട് നിർമിക്കുന്നതിനും ചുക്കാൻ പിടിച്ചതും അദ്ദേഹമായിരുന്നു. ആദിത്യ എല്‍1, ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 തുടങ്ങിയ തന്ത്രപ്രധാനമായ ദൗത്യങ്ങള്‍ക്ക് പ്രൊപ്പല്‍ഷൻ സിസ്റ്റം തയ്യാറാക്കിയതിന് പിന്നിലും ഡോ. നാരായണന്റെ നേതൃപാടവമുണ്ടായിരുന്നു.

ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് ക്രയോജനിക് എഞ്ചിനീയറിംഗില്‍ എം ടെക്കും എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ പിഎച്ച്‌ഡിയും പൂർത്തിയാക്കി. എം. ടെക്കിന് ഒന്നാം റാങ്ക് നേടിയതിന് സില്‍വർ മെഡല്‍ ലഭിച്ചു. ആസ്‍ട്രോണിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) ഗോള്‍ഡ് മെഡല്‍, എൻ‍ഡിആർഎഫിന്റെ നാഷണല്‍ ഡിസൈൻ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 1984-ലാണ് അദ്ദേഹം ഇസ്രോയുടെ ഭാഗമാകുന്നത്. 2018-ലാണ് എല്‍പിഎസ്‍സിയുടെ ചെയർമാനാകുന്നത്.

2022-ലാണ് മലയാളിയായ എസ്. സോമനാഥ് ഐഎസ്‌ആർഒ ചെയർമാനായി ചുമതലയേറ്റത്. നിർണായകമായ ദൗത്യങ്ങളും നേട്ടങ്ങളും രാജ്യം കൈവരിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവർ ഇറക്കിയ ലോകത്തിലെ ആദ്യ രാജ്യമായി ഭാരതം മാറി. തദ്ദേശീയ കുതിപ്പില്‍ ചെലവ് കുറഞ്ഞ രീതിയില്‍ മികച്ച പേടകങ്ങള്‍ നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്തു.ഏറ്റവുമൊടുവില്‍ ഭൂഗുരുത്വമില്ലാതെ പയർ വിത്തും മുളപ്പിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഡോക്കിംഗ് പരീക്ഷണമാകും എസ്. സോമനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന അവസാന പരിപാടി. ബഹിരാകാശത്ത് വച്ച്‌ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ലക്ഷ്യം. വിജയിച്ചാല്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ