കൊല്ലം: ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ പോലീസുകാര്‍ക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. വീഴ്ച വരുത്തിയ രണ്ട് എ.എസ്.ഐമാര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര് നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാല്‍ എന്നിവര്‍ക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പൊലീസുകാര്‍ സ്വയരക്ഷാര്‍ഥം ഓടിയൊളിച്ചു. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്പേരിന് കളങ്കമായെന്നും വിമര്‍ശനം. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു.
മേയ് 10ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൂയപ്പളളി പൊലീസ് ചികിത്സയ്ക്കായി കൊണ്ടു വന്ന സന്ദീപ് ഡ്യൂട്ടിക്കിടെ ഡോ.വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതി കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപ്(43) തിരുവനന്തപുരം സെൻട്രല്‍ ജയിലിലാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തില്‍ 26 മുറിവുകള്‍ ഉണ്ടായിരുന്നു. നെഞ്ചില്‍ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കു നേരിട്ട ക്ഷതമാണു മരണ കാരണം.