വയനാട്: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാത്രിയോടെ എത്തുന്ന പ്രിയങ്ക നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർക്ക് പുറമെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രിയങ്കക്കൊപ്പമുണ്ടാകും.
നാളെ രാവിലെ 11 മണിക്ക് കല്‍പ്പറ്റയില്‍ റോഡ് ഷോ നടക്കും. തുടർന്നാണ് പത്രിക സമർപ്പിക്കുക. ഇവര്‍ പങ്കെടുക്കുന്ന റോഡ് ഷോ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ബുധനാഴ്ച രാവിലെ പതിനൊന്നിന് ആരംഭിക്കും.
പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് മുമ്ബാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വിവിധ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും ഉള്‍പ്പടെ നേതാക്കളുടെ വലിയ നിര തന്നെ റോഡ് ഷോയില്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ദിവസം തന്നെ വയനാട്ടില്‍ പ്രചാരണം തുടങ്ങിയ യുഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രിയങ്കാ ഗാന്ധി എത്തുന്നതോടെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടക്കും.
തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തേണ്ടതിനാല്‍ ഇതു കൂടി പരിഗണിച്ചാവും വയനാട്ടിലെ പ്രചാരണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക.