ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യയുടെ മൂന്നാം യോഗത്തിന് ഇന്ന് വൈകീട്ട് തുടക്കം.

ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡ്യയുടെ മൂന്നാം യോഗത്തിന് ഇന്ന് വൈകീട്ട് തുടക്കം.
alternatetext

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടാണ് യോഗം. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗമാണ് ഇന്ന് ചേരുന്നത്. പൊതു മിനിമം പരിപാടി, ഉപസമിതി രൂപീകരണം, ലോഗോ പ്രകാശനം, കണ്‍വീനറെ തെരഞ്ഞെടുക്കല്‍ തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുംബൈ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് യോഗം. ലോഗോ പ്രകാശനം നാളെ നടക്കും

28 പാര്‍ട്ടികളില്‍നിന്നായി 63 പേര്‍ പങ്കെടുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടികളാണ് യോഗത്തിന് മേല്‍നോട്ടം വഹിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ നേതാക്കള്‍ എല്ലാവരും എത്തിച്ചേരും. തുടര്‍ന്ന് പ്രാഥമിക ചര്‍ച്ചകള്‍. തുടര്‍ന്ന് ഉദ്ധവ് താക്കറെയുടെ അത്താഴ വിരുന്നാണ്.

വെള്ളിയാഴ്ച രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്ബ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം. കോണ്‍ഗ്രസില്‍നിന്ന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, എൻ.സി.പിയുടെ ശരദ് പവാര്‍, ശിവസേനയുടെ ഉദ്ധവ്, മകൻ ആദിത്യ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, മമത ബാനര്‍ജി, സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാള്‍ എന്നിവരും സീതാറാം യെച്ചൂരി (സി.പി.എം), ലാലുപ്രസാദ് യാദവ് (ആര്‍.ജെ.ഡി). അഖിലേഷ് യാദവ് (സമാജ് വാദി), ഫാറൂഖ് അബ്ദുള്ള (നാഷനല്‍ കോണ്‍ഫറൻസ്), ഡി. രാജ, ബിനോയ് വിശ്വം (സി.പി.ഐ), സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

പട്ന, ബംഗളൂരു യോഗങ്ങള്‍ക്കുശേഷം നടക്കുന്ന ഇൻഡ്യ യോഗത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രത്യയശാസ്ത്രം പലതാണെങ്കിലും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യമാണ് ഇൻഡ്യയിലെ സഖ്യകക്ഷികള്‍ക്കെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.